പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം… ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു…


കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ ദാരുണ മരണത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അതീവ ഗുരുതരമായ വിഷയമാണിതെന്നും സംഭവത്തിൽ ഇന്ന് തന്നെ കുട്ടിയുടെ വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, ഒന്നര വയസുകാരൻ മരണപ്പെട്ട സംഭവത്തിൽ ആശുപത്രി അധികൃതരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

പീഡിയാട്രീഷൻ ഡോക്ടർ ആശ, പ്ലാസ്റ്റിക് സർജൻ ഡോക്ടർ ആരതി അന്തർജനം എന്നിവരുൾപ്പെടെയുള്ള മറ്റ് ഡോക്ടർമാരുടെ മൊഴിയാണ് പോലീസ് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും പോലീസ് വിശദമായി രേഖപ്പെടുത്തി. എന്നാൽ, കുട്ടിക്ക് അനസ്തേഷ്യ നൽകിയ ഡോ. അഞ്ജലി പൊതുവാളിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. കേസിൽ ഡോ. അഞ്ജലി പൊതുവാൾ മാത്രമാണ് നിലവിൽ പ്രതിപ്പട്ടികയിലുള്ളത്. പോലീസ് ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറിയിട്ടുണ്ട്.


പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെയുള്ള ചികിത്സാ പിഴവ് പരാതിയിൽ അനസ്തേഷ്യ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 125 പ്രകാരമാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവ് പറ്റിയതിനെ തുടർന്നാണ് ഒന്നര വയസുകാരനായ ദേവാൻഷ് ശൗര്യയെ പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ കുട്ടി വേദനകൊണ്ട് കരഞ്ഞതിനെ തുടർന്ന് കുട്ടിക്ക് അനസ്തേഷ്യ നൽകാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. എന്നാൽ അനസ്തേഷ്യ നൽകിയ ഉടൻ കുഞ്ഞ് ബോധരഹിതനാവുകയും, തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികയുമായിരുന്നു.

Previous Post Next Post