കേരളത്തിൽ മഴ പെയ്യാൻ തമിഴ്‌നാട്ടിൽ പ്രത്യേക പൂജ….


ഇടുക്കി: കേരളത്തിൽ കാലവർഷം കനക്കാനും മഴ പെയ്യാനുമായി അതിർത്തിയിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളുമായി തമിഴ്‌നാട്ടിലെ കർഷകർ. കേരളത്തിൽ കാലവർഷം അപ്രതീക്ഷിതമായി കുറഞ്ഞതുമൂലം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരാത്ത സാഹചര്യത്തിലാണ് തമിഴ്‌നാട് കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക പൂജയും സർവമത പ്രാർത്ഥനയും നടത്തിയത്. തമിഴ്നാട് പൊതുമരാമത്തു വകുപ്പ് ഓഫീസിനു സമീപമുള്ള ക്ഷേത്രത്തിലായിരുന്നു പ്രത്യേക ചടങ്ങുകൾ. ജില്ലാ കർഷക സംഘം വർക്കിങ് പ്രസിഡന്റ് എസ്. മനോഹരന്റെ നേതൃത്വത്തിലാണ് ഈ അപൂർവ്വ പ്രാർത്ഥനാ ചടങ്ങുകൾ നടന്നത്.

നിലവിൽ 112.90 അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്. സാധാരണയായി ജൂൺ ആദ്യവാരത്തിലാണ് മുല്ലപ്പെരിയാർ ഡാമിൽ നിന്ന് തമിഴ്നാട്ടിലേക്ക് കാർഷികാവശ്യങ്ങൾക്കായി വെള്ളം തുറന്നുവിടാറുള്ളത്. ഈ വെള്ളം ഉപയോഗിച്ചാണ് കർഷകർ ഒന്നാം വിളയിറക്കുന്നത്. എന്നാൽ, ഇത്തവണ കാലവർഷം കനക്കാത്തതിനാൽ ഇതുവരെ ഡാമിൽ നിന്നും വെള്ളം തുറന്നുവിടാൻ സാധിച്ചിട്ടില്ല. ഡാമിൽ നിന്ന് വെള്ളം ലഭിക്കാത്തതോടെ തമിഴ്‌നാട്ടിലെ 5 ജില്ലകളാണ് ഇപ്പോൾ കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്. കാർഷിക ആവശ്യത്തിന് മാത്രമല്ല, ഈ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സും മുല്ലപ്പെരിയാറിനെയാണ് ആശ്രയിക്കുന്നത്. തേനി ജില്ലയിലെ മാത്രം 14,707 ഏക്കർ സ്ഥലത്തു മുല്ലപ്പെരിയാറിലെ വെള്ളം ആശ്രയിച്ചാണ് നിലവിൽ കൃഷി ഇറക്കുന്നത്. കൃഷിയിറക്കാൻ വൈകുന്നത് തങ്ങളുടെ ജീവിതമാർഗ്ഗം പൂർണ്ണമായി തകർക്കുമെന്ന ആശങ്കയിലാണ് കർഷകർ

Previous Post Next Post