കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതിന് പിന്നാലെ, നടനെ രൂക്ഷമായി പരിഹസിച്ച് സംവിധായകൻ എം.എ. നിഷാദ്. ടിനി ടോമിന്റെ പേരെടുത്ത് പറയാതെ ‘ഠീം ഠോം’ എന്ന് അഭിസംബോധന ചെയ്താണ് നിഷാദ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ട വാർത്താ കാർഡ് പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എം.എ. നിഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ്

എത്രയും ബഹുമാനപ്പെട്ട ഠീം ഠോം അറിയാൻ. താങ്കൾക്ക് കോടതിസന്ദർശനഭാഗ്യം സിദ്ധിച്ചതായി അറിയുന്നു. ഈ സവിശേഷസാഹചര്യത്തിൽ ഒരുപദേശമെന്നോണം ഒരൂട്ടം … കോടതീൽ ചെന്നിട്ട് മൈസ്രേട്ടിനെ അനുകരിക്കാൻ നിൽക്കരുത്.. കോട്ടും കുപ്പായോം കറുപ്പുമൊക്കെ കാണുമ്പോൾ അങ്ങയുടെ ഉള്ളിൽ അനുകരണത്വരയുണരുമെന്നറിയാം.. ആപത്താണെന്ന് മാത്രമല്ല, കോടതിയലക്ഷ്യം കൂടാതെ കൊട്ടുവടിയാൽ പിടലിയിൽ താഡനമേൽക്കാനും യോഗം കാണുന്നുണ്ട്. ആയതിനാൽ നീതിപീഠത്തെ പീഡിപ്പിക്കാനുള്ള നടപടികളിൽ നിന്നും താങ്കൾ ഒഴിഞ്ഞുനില്ക്കുമെന്ന് വിശ്വസിക്കട്ടെ..
– മൂന്നു പടങ്ങളിൽ അങ്ങയെ അഭിനയിപ്പിക്കാൻ ഭാഗ്യമുണ്ടായൊരു സംവിധായകൻ..

മിമിക്രി വേദികളിലും ടെലിവിഷൻ പരിപാടികളിലും വ്യക്തികളെ അനുകരിച്ച് ശ്രദ്ധേയനായ ടിനി ടോമിന്റെ ശൈലിയെ മുൻനിർത്തിയാണ് നിഷാദിന്റെ ഈ പരിഹാസം. നടി അൻസിബ ഹസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി പോലീസിന് നിർദേശം നൽകിയത്. ഇതിന് തൊട്ടുപിന്നാലെ സിനിമാ മേഖലയിൽ നിന്നുതന്നെ വന്ന സംവിധായകന്റെ പരസ്യമായ ട്രോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിക്കഴിഞ്ഞു