മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗില്‍ പരസ്യ അതൃപ്തി. പാർട്ടിക്ക് വേണ്ടി അധ്വാനിച്ച അര്‍ഹതപ്പെട്ട പലരും അവഗണിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ നേരത്തെ യൂത്ത് ലീഗ് പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് ഇപ്പോൾ എംഎസ്എഫ് സംസ്ഥാന ഭാരവാഹികളും അതൃപ്തി വ്യക്തമാക്കി രംഗത്തുവന്നിരിക്കുന്നത്.

അധ്വാനിച്ചവര്‍ പരിഗണിക്കപ്പെടുന്നില്ലെന്ന് എംഎസ്എഫ് സംസ്ഥാന ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു. സ്വിഗി ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ച എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ പള്ളത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അഷ്ഹറിന്റെ വിമര്‍ശനം. സമാനമായ രീതിയിലുള്ള വിമര്‍ശനം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹിയായ എംകെ സമദും ഉയര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി നിരന്തരം രംഗത്തുള്ള പി എം സാദിഖലിയെ പോലുള്ള മുതിർന്ന നേതാക്കന്മാരെ ഇത്തരത്തിലുള്ള പ്രധാന പദവികളിൽ നിന്ന് അവഗണിക്കുന്നുവെന്നായിരുന്നു സമദിന്റെ പ്രധാന വിമര്‍ശനം. പേഴ്സണൽ സ്റ്റാഫ് നിയമനത്തെച്ചൊല്ലി പാർട്ടിയിലെ യുവജന-വിദ്യാർത്ഥി സംഘടനകളിൽ നിന്ന് തന്നെ പരസ്യമായ വിയോജിപ്പ് ഉയരുന്നത് മുസ്ലിം ലീഗ് നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്