
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി. വിചാരണ കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസിൽ താൻ സമർപ്പിച്ച അപ്പീലിൽ അന്തിമ തീരുമാനം വരുന്നതുവരെ ശിക്ഷാ നടപടികൾ മരവിപ്പിക്കണമെന്ന ആവശ്യവുമായാണ് പ്രതി കോടതിയെ സമീപിച്ചത്. ഈ ആവശ്യമാണ് ഇപ്പോൾ ഹൈക്കോടതി നിരാകരിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ 20 വർഷം കഠിന തടവിനാണ് പൾസർ സുനിയെ വിചാരണ കോടതി ശിക്ഷിച്ചത്. ഈ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൾസർ സുനി നൽകിയ അപ്പീൽ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിചാരണ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് ഇരയായ നടി കോടതിയിൽ ശക്തമായി വാദിച്ചു. നടന്നത് അതീവ ഹീനമായ കുറ്റകൃത്യമാണെന്നും, ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി വ്യക്തമായി കണ്ടെത്തിയിട്ടുള്ളതാണെന്നും നടി കോടതിയെ ഓർമ്മിപ്പിച്ചു. പ്രതിയുടെ ശിക്ഷ ഇപ്പോൾ മരവിപ്പിച്ചാൽ അത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചു കാണുന്നതിന് തുല്യമാകുമെന്നും നടി വാദിച്ചു.
പ്രതികളുടെ ശിക്ഷ യാതൊരു കാരണവശാലും മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടു. പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സർക്കാർ നൽകിയ അപ്പീലും കോടതിയുടെ പരിഗണനയിലുണ്ട്. ഒന്നാം പ്രതിയായ പൾസർ സുനി ഒരു കൊടും ക്രിമിനലാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വിചാരണ വേളയിൽ തുടർച്ചയായി ജാമ്യാപേക്ഷ നൽകി സമയം കളഞ്ഞതിന് പ്രതിക്ക് കോടതി മുൻപ് പിഴ ചുമത്തിയിട്ടുള്ള കാര്യവും സർക്കാർ ചൂണ്ടിക്കാട്ടി. ഇതിനെല്ലാം പുറമെ, സുപ്രീംകോടതി ജാമ്യം നൽകി പുറത്തിറങ്ങി ഒരു മാസം തികയുന്നതിന് മുൻപ് തന്നെ പ്രതി വീണ്ടും മറ്റൊരു കേസിൽ പ്രതിയായെന്നും, ഇയാൾ ഒരു സ്ഥിരം കുറ്റവാളിയാണെന്നും സർക്കാർ കോടതിയിൽ വാദിച്ചു. ഇരു വിഭാഗത്തിന്റെയും വിശദമായ വാദമുഖങ്ങൾ കേട്ട ശേഷമാണ് പൾസർ സുനിയുടെ ഹർജി തള്ളിക്കൊണ്ടുള്ള നിർണ്ണായക ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.