മികച്ച കൈയക്ഷരത്തിലൂടെ വീട്ടിലിരുന്ന് വലിയ തുക സമ്പാദിക്കാമെന്ന് വാഗ്ദാനം; അമ്പലപ്പുഴയിലെ സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ്






ആലപ്പുഴ : മികച്ച കൈയക്ഷരത്തിലൂടെ വലിയ തുക സമ്പാദിക്കാമെന്ന വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ്. അമ്പലപ്പുഴയിലുള്ള സ്ഥാപനത്തിൻറെ പേര് ദുരുപയോഗം ചെയ്താണ് മാസങ്ങളായി തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പിനെ പറ്റി പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നും ആക്ഷേപമുണ്ട്.

അമ്പലപ്പുഴ ചാണക്യ ബുക് സെൻറർ ഉടമ എൻ എസ് ജയകുമാർ ആണ് പരാതിക്കാരൻ. തൻറെ സ്ഥാപനത്തിൻറെ പേര് ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി തട്ടിപ്പ് നടക്കുന്നെന്നാണ് ജയകുമാറിൻ്റെ പരാതി. മികച്ച കൈയക്ഷരമുള്ളവർക്ക് വീട്ടിലിരുന്ന് വലിയ തുക സമ്പാദിക്കാമെന്നാണ് ഇൻസ്റ്റയിലും ഫേസുബുക്കിലും കാണുന്ന പരസ്യം. രജിസ്ട്രേഷൻ ഫീസായി 500 രൂപ ആദ്യം ഈടാക്കും. പിന്നീട് ജോലിക്കാവശ്യമായ അനുബന്ധ സാമഗ്രികളുടെ വില എന്ന നിലയിൽ അയ്യായിരം രൂപ വരെ ഈടാക്കും. പണം നൽകി നാളുകൾ കഴിഞ്ഞും വിവരമൊന്നും ഇല്ലാതെ വരുന്നതോടെയാണ് ആളുകൾ തട്ടിപ്പിനെ കുറിച്ച് മനസിലാക്കുക. ഇങ്ങനെ തട്ടിപ്പിനെ കുറിച്ച് മനസിലാക്കുന്നവർ തൻറെ കടയിലേക്ക് വിളിച്ചപ്പോഴാണ് സ്ഥാപനത്തിൻറെ പേര് ദുരുപയോഗം ചെയ്തുളള തട്ടിപ്പിൻറെ കാര്യം അറിഞ്ഞതെന്ന് ജയകുമാർ പറയുന്നു.

മാസങ്ങൾക്ക് മുമ്പ് പരാതി സൈബർ സെല്ലിന് നൽകിയിട്ടും ഇപ്പോഴും തൻ്റെ സ്ഥാപനത്തിൻറെ പേര് ഉപയോഗിച്ചുളള തട്ടിപ്പ് തുടരുകയാണെന്ന് ജയകുമാർ പറയുന്നു. സ്ത്രീകളാണ് കബളിപ്പിക്ക പ്പെടുന്നവരിൽ ഏറിയ പങ്കും. തട്ടിപ്പ് തുടരുന്ന സാഹചര്യത്തിൽ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തണ മെന്നാണ് ജയകുമാറിൻ്റെ ആവശ്യം.
Previous Post Next Post