ആർ. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യം….


തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചു. നഗരസഭയിൽ എത്തി കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യുന്നതിനാണ് നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി സുഗതന് പ്രത്യേക ഇളവ് നൽകിയത്. ജൂലൈ 13-ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14-ന് രാത്രി ഒമ്പത് മണി വരെയാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.


കോടതിയുടെ പരിഗണനയിലുള്ള രണ്ട് സുപ്രധാന കേസുകളിലാണ് ഈ ഘട്ടത്തിൽ സുഗതന് അനുകൂലമായ ഉത്തരവുണ്ടായിരിക്കുന്നത്. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് ബിജെപി നേതൃത്വവും മുൻപ് കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് ആർ. സുഗതൻ. വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സജീവ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് കൗൺസിലറായ ആർ. സുഗതൻ. നിരവധി ഗുരുതരമായ കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്.

2019 ഓഗസ്റ്റ് 25 ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20 ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്തു. 2023 ജൂലൈ 17 ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു, 2025 മാർച്ച് 14 ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2-ന് അന്ന് എംഎൽഎ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണ് സുഗതൻ. 

നരഹത്യാശ്രമവും സ്ത്രീകളെ ആക്രമിച്ചതുമുൾപ്പെടെയുള്ള ഇത്രയധികം ഗുരുതരമായ ക്രിമിനൽ കേസുകൾ നിലനിൽക്കെയാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപി സുഗതനെ വാഴോട്ടുകോണത്ത് ഔദ്യോഗിക സ്ഥാനാർത്ഥിയാക്കിയത്. തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ടതിനെ തുടർന്ന് ഇയാൾക്ക് കൗൺസിലറായി ചുമതലയേൽക്കാൻ സാധിച്ചിരുന്നില്ല. കോടതി ഇപ്പോൾ അനുവദിച്ച താൽക്കാലിക ഇളവോടെ സുഗതന് നഗരസഭയിലെത്തി സത്യപ്രതിജ്ഞ ചെയ്യാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്.


        

Previous Post Next Post