വിവിധ റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാർഥികൾ ഒന്നിച്ചാണ് സമരത്തിൽ പങ്കെടുക്കുന്നത്. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം സമരം അനിശ്ചിതമായി തുടരാനാണ് സമരസമിതിയുടെ പ്രഖ്യാപനം. പി.എസ്.സി. നിയമനങ്ങളിലെ ക്രമക്കേടുകൾ, ഒഴിവുകൾ ഉണ്ടായിട്ടും നിയമനം നടക്കാത്തത്, പിൻവാതിൽ നിയമനങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. സിജെപി സമരത്തിന് ലഭിച്ച പിന്തുണയെ തുടർന്ന് പി.എസ്.സി. ഉദ്യോഗാർഥികളുടെ സമരത്തിനും വിവിധ മേഖലകളിൽ നിന്ന് പിന്തുണ ഉയരുന്നുണ്ട്. ഇതിനിടെ സെക്രട്ടേറിയറ്റിന് മുന്നിൽ അധ്യാപക റാങ്ക് ഹോൾഡേഴ്‌സിന്റെ പ്രതിഷേധവും ശക്തമാകുകയാണ്. 25 ദിവസമായി സമരം തുടരുന്ന എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്‌സിന് പിന്നാലെ യു.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്‌സും അനിശ്ചിതകാല സമരവുമായി രംഗത്തെത്തി. അധ്യാപക ഒഴിവുകൾ ഉണ്ടായിട്ടും നിയമന നടപടികൾ വൈകിപ്പിക്കുകയാണെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം.
2025 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച യു.പി.എസ്.ടി. റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ രണ്ട് പേർക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്നും, പല ജില്ലകളിലും ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സമരത്തിന് മുമ്പ് രണ്ട് തവണ സൂചനാ പ്രതിഷേധം നടത്തിയിട്ടും സർക്കാർ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും, തങ്ങളെ സമരത്തിലേക്ക് തള്ളിവിട്ടത് സർക്കാരിന്റെ അനാസ്ഥയാണെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു. നിയമനം ഉറപ്പാക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് റാങ്ക് ഹോൾഡേഴ്‌സ്.