പുതുപ്പള്ളി : - കാർഷിക മേഖലയെ തകർത്ത് കോർപ്പറേറ്റുകൾക്ക് അടിയറ വെക്കാനുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ കോർപ്പറേറ്റ് അജണ്ടകൾക്കും, അതിന് കുടപിടിക്കുന്ന കേരളത്തിലെ യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും എതിരെ കർഷകസംഘം പുതുപ്പള്ളി ഏരിയ സമ്മേളനം കനത്ത പ്രതിഷേധം രേഖപ്പെടുത്തി. പരുത്തുംപാറ പനച്ചിക്കാട് റീജിയണൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ (ആയ്മനം ബാബു നഗർ) നടന്ന സമ്മേളനം വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പതാക ഉയർത്തലിനും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കും ശേഷം, ഏരിയ പ്രസിഡന്റ് ഇ കെ കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനം കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അവസാനിപ്പിക്കാൻ ഉതകുന്ന സാമൂഹ്യക്രമം കെട്ടിപ്പടുക്കാൻ കർഷകസംഘം പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഉൽപ്പാദന ഉപാധികൾ പൊതു ഉടമയിൽ ആകണമെന്നിരിക്കെ, കോർപ്പറേറ്റുകളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഉൽപ്പാദന മേഖലയെ ഭരണകൂടങ്ങൾ തീറെഴുതിക്കൊടുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നവലിബറൽ സാമ്പത്തിക നയങ്ങൾക്കെതിരായ പോരാട്ടങ്ങൾ ഊർജ്ജിതമാക്കണമെന്നും, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ സംരക്ഷിക്കാൻ കർഷകസംഘം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ കർഷകർക്കായി നടപ്പിലാക്കിയ ജനക്ഷേമകരമായ പല പദ്ധതികളും യുഡിഎഫ് സർക്കാർ അട്ടിമറിക്കുകയാണ്. കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായമായ താങ്ങുവില പോലും ഉറപ്പാക്കാൻ പുതിയ ഭരണകൂടത്തിന് സാധിക്കുന്നില്ല. വിള ഇൻഷുറൻസ് പരിരക്ഷയിലും വായ്പാനയങ്ങളിലും കർഷകർക്ക് ഗുണകരമല്ലാത്ത മാറ്റങ്ങൾ വരുത്തി അവരെ പ്രതിസന്ധിയിലാക്കാനാണ് സർക്കാരിന്റെ ശ്രമം.
ഏരിയ സെക്രട്ടറി കെ എസ് ഗിരീഷ് പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ. ആർ നരേന്ദ്രനാഥ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. രക്തസാക്ഷി പ്രമേയം സന്തോഷ് വർക്കിയും, അനുശോചന പ്രമേയം വിജിൻ തോമസും അവതരിപ്പിച്ചു.
സമ്മേളനത്തിൽ അഡ്വ. റെജി സഖറിയ, സുഭാഷ് പി വർഗീസ്, ഗീതാ ഉണ്ണികൃഷ്ണൻ, എം എസ് സനു, പി ഷാനവാസ്, ഷമീം അഹമ്മദ്, സുനിത സുരേഷ്, സ്വാഗതസംഘം ചെയർമാൻ എ കെ സജി, കെ എം. സുധീഷ്മോൻ എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. ഭരണകൂടത്തിന്റെ ഒത്താശയോടെ കാർഷിക മേഖലയിൽ നടക്കുന്ന നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് സമ്മേളനം ഐകകണ്ഠ്യേന തീരുമാനിച്ചു. പുതിയ ഏരിയ കമ്മിറ്റിയെയും ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ
ഇ കെ കുര്യൻ ( പ്രസിഡന്റ്) .
എം.ജി നൈനാൻ, ഗീത രാധകൃഷ്ണൻ (വൈസ് പ്രസിസെക്രട്ടറിമാർ ) .
കെഎസ് ഗിരീഷ് ( സെക്രട്ടറി ) .
വിജിൻ തോമസ് , ഗോകുൽ ജി നാഥ് (ജോയിന്റ് സെക്രട്ടറിമാർ).
സി വി ചാക്കോ ( ട്രഷറർ ) .