തിരുവനന്തപുരം: പതിനേഴുകാരിയായ സ്കൂൾ വിദ്യാർഥിനിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ബസ് കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും
വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. അരുവിക്കര ചാണിച്ചാൽക്കടവ് സ്വദേശിയായ അരുൺകുമാറിനെയാണ് (46) കോടതി ശിക്ഷിച്ചത്.
പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റിയുടെ പ്രത്യേക നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകാൻ ജഡ്ജി ഉത്തരവിട്ടു. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി ആറുമാസം കൂടി അധികമായി തടവ് അനുഭവിക്കണം.
2024 സെപ്റ്റംബർ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളനാടുനിന്ന് കിഴക്കേക്കോട്ടയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിൽവെച്ചാണ് കണ്ടക്ടറായ അരുൺകുമാർ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.
ദിവസവും സ്കൂളിൽ പോകാൻ കുട്ടി ആശ്രയിച്ചിരുന്നത് ഈ ബസ്സായിരുന്നു. യാത്രാത്തിരക്കിനിടയിൽ വെച്ചായിരുന്നു അതിക്രമം.
സംഭവത്തിൽ ഭയന്നുപോയ കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. മറ്റ് യാത്രാസൗകര്യങ്ങൾ ഇല്ലാത്തതിനാൽ തുടർന്നും ഇതേ ബസ്സിൽ തന്നെ പെൺകുട്ടിക്ക് യാത്ര ചെയ്യേണ്ടി വന്നു.