റാന്നി, ആറന്മുള മേഖലകളെയടക്കം വെള്ളത്തിലാക്കിയ മഴയിൽ പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും വലിയ മഴവ്യതിയാനം രേഖപ്പെടുത്തിയത്. സാധാരണ ലഭിക്കേണ്ട 84 മില്ലീമീറ്റർ മഴയ്ക്ക് പകരം 352.3 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. 319 ശതമാനം അധികമഴയാണ് പത്തനംതിട്ടയിൽ രേഖപ്പെടുത്തിയത്. അധികമഴയുടെ തോത് കണക്കാക്കിയാൽ തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്. സാധാരണ ലഭിക്കേണ്ട 39 മില്ലീമീറ്റർ മഴയ്ക്ക് പകരം 140 മില്ലീമീറ്റർ മഴ ലഭിച്ചു. 258 ശതമാനം അധികമഴയാണ് തിരുവനന്തപുരത്ത് ലഭിച്ചത്. മഴയുടെ അളവ് താരതമ്യേന കുറവായതിനാൽ വലിയ തോതിലുള്ള മഴക്കെടുതി ഒഴിവായെന്നാണ് വിലയിരുത്തൽ. കോട്ടയം ജില്ലയിൽ 177 ശതമാനം അധികമഴ ലഭിച്ചു. 107 മില്ലീമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 296 മില്ലീമീറ്റർ മഴയാണ് പെയ്തത്. ഇടുക്കിയിൽ 71 ശതമാനം അധികമഴ രേഖപ്പെടുത്തി. 191 മില്ലീമീറ്റർ ലഭിക്കേണ്ടിടത്ത് 327.4 മില്ലീമീറ്റർ മഴ ലഭിച്ചു.