മുട്ടിൽ മരംമുറിക്കേസ്: ‘എന്റെ പേരിൽ 164 കേസുകൾ’… ആരോപണങ്ങൾ തള്ളി…


കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് തന്റെ പേരിൽ 164 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും മുറിച്ച മരങ്ങളൊന്നും സംരക്ഷിത മരങ്ങളല്ലെന്നും കേസിലെ ഒന്നാം പ്രതി റോജി എം. അഗസ്റ്റിൻ. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കോടതിയിൽ ഹാജരാകാനെത്തിയപ്പോഴായിരുന്നു റോജിയുടെ പ്രതികരണം.

മരംമുറിച്ചതിന് 41 കേസുകളും 41 ഫോറസ്റ്റ് കേസുകളും 41 പൊലീസ് കേസുകളും 41 റവന്യൂ കേസുകളും 41 മരം കണ്ടുകെട്ടിയ കേസുകളുമാണ് തന്റെ പേരിലുള്ളതെന്ന് റോജി പറഞ്ഞു. വനത്തിൽ കയറി മരം മുറിച്ചുവെന്നാണ് ആരോപണം. എന്നാൽ വനത്തിൽനിന്നല്ല, സ്വന്തം തോട്ടത്തിലുണ്ടായിരുന്ന മരങ്ങളാണ് മുറിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മരങ്ങളുടെ ഡിഎൻഎ പരിശോധിച്ചപ്പോൾ അവയെല്ലാം തന്റെ തോട്ടത്തിലെ മരങ്ങളാണെന്ന് തെളിഞ്ഞതായും റോജി അവകാശപ്പെട്ടു. ഇപ്പോൾ ബയോഡൈവേഴ്സിറ്റി നിയമപ്രകാരമാണ് തനിക്കെതിരെ ചാർജ് ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ഞൂറ് വർഷം പഴക്കമുള്ള മരങ്ങൾ പരിശോധിക്കാനാണ് ആവശ്യപ്പെടുന്നതെന്നും മരം കയറ്റി അയച്ചതിനും വാങ്ങിയതിനും ജിഎസ്ടിയും മറ്റ് നികുതികളും നൽകിയിട്ടുണ്ടെന്നും റോജി പറഞ്ഞു. തനിക്കെതിരെയുള്ളത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും അദ്ദേഹം പ്രതികരിച്ചു. മുട്ടിൽ മരംമുറിക്കേസിൽ പ്രതികളായ റോജി എം. അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെയാണ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. ഈ മാസം ആറിനും പത്തിനും കേസ് പരിഗണിച്ചപ്പോൾ പ്രതികളായ ആന്റോ സഹോദരങ്ങൾ കോടതിയിൽ ഹാജരായിരുന്നില്ല. തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് വാറന്റ് പുറപ്പെടുവിച്ചത്

അതേസമയം കേസിലെ മറ്റ് രണ്ട് പ്രതികൾ കഴിഞ്ഞ ദിവസം കോടതിയിലെത്തി ജാമ്യം നേടിയിരുന്നു. അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ എറണാകുളം കരിമുകളിലെ മലബാർ ടിമ്പർ സ്ഥാപന ഉടമ എം.എം. അലിയാർ 2021ലാണ് പരാതി നൽകിയത്. വയനാട്ടിൽനിന്ന് മുറിച്ച ഈട്ടി മരങ്ങൾ കരിമുകളിലെ മലബാർ ടിമ്പർ സ്ഥാപനത്തിൽ വിൽപ്പന നടത്തിയിരുന്നു. പിന്നീട് അനധികൃതമായി വെട്ടിയ മരങ്ങളാണ് തനിക്ക് വിൽപ്പന നടത്തിയതെന്ന് ആരോപിച്ച് അലിയാർ പരാതി നൽകുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് ഈ മാസം 18ന് വീണ്ടും പരിഗണിക്കും.

أحدث أقدم