
പത്തനംതിട്ട: അടൂരിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന. ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണ വിഭവങ്ങളും പഴകിയ മീനും ഉൾപ്പെടെ പിടിച്ചെടുത്തു. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നേതാവിന്റെ ഹോട്ടലിൽ നിന്നാണ് ഏറ്റവും കൂടുതൽ പഴകിയ ഭക്ഷണം പിടികൂടിയത്. ഇവിടെ നിന്ന് 50 കിലോ പഴകിയ മീൻ പിടിച്ചെടുത്തു. ഇന്ന് രാവിലെയാണ് അടൂർ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.
അടൂർ ബൈപ്പാസിലെ വിവിധ ഹോട്ടലുകളിലായിരുന്നു പരിശോധന. എസ്.എൻ. ഹോട്ടൽ, രാജധാനി, ഡിങ്കന്റെ തട്ടുകട, അമ്മച്ചിക്കട, ഓലപ്പന്തൽ, സൺറൈസ്, പഴങ്കഞ്ഞിക്കട, അൽ റാസി, ബിഗ് മൗത്ത് തുടങ്ങിയ ഹോട്ടലുകളിലും ഹോളിക്രോസ് ആശുപത്രി കാന്റീനിലും പരിശോധന നടന്നു. പരിശോധന നടത്തിയ ഭൂരിഭാഗം ഹോട്ടലുകളിൽ നിന്നും ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തതായി ആരോഗ്യ വിഭാഗം അറിയിച്ചു. പഴകിയ മീൻ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. അതിനിടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ പരിശോധന തടസപ്പെടുത്താൻ ചില ഹോട്ടലുടമകൾ ശ്രമിച്ചതായും പരാതിയുണ്ട്.