കാസർകോട് എംഡിഎംഎ വേട്ട.. അറസ്റ്റിലായ പ്രതിക്ക് മുഖ്യമന്ത്രിയുമായി…


കാസർകോട്: ജില്ലയിൽ വൻതോതിൽ എംഡിഎംഎയുമായി പിടിയിലായ പ്രതിക്ക് മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധമുണ്ടെന്ന സൂചന നൽകുന്ന ചിത്രങ്ങളും വീഡിയോകളും പുറത്ത്. കാസർകോട് എംഡിഎംഎ കേസിൽ അറസ്റ്റിലായ പെരുമ്പാവൂർ സ്വദേശി കെ.എച്ച്. മുഹമ്മദ് ഹുസൈന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലാണ് മുഖ്യമന്ത്രിയോടൊപ്പമുള്ള ദൃശ്യങ്ങൾ പ്രചരിക്കുന്നത്.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററാണെന്നാണ് മുഹമ്മദ് ഹുസൈൻ സ്വന്തം സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ അവകാശപ്പെടുന്നത്. കൂടാതെ, കോൺഗ്രസിന്റെ എറണാകുളം ജില്ലയിലെ ബൂത്ത് പ്രസിഡന്റാണെന്നും ഇയാൾ അവകാശപ്പെടുന്നതായി വിവരമുണ്ട്. വി.ഡി. സതീശനൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് ഇയാളുടെ അക്കൗണ്ടിലുള്ളത്. മുഹമ്മദ് ഹുസൈന്റെ ഗൃഹപ്രവേശന ചടങ്ങിലും സതീശൻ പങ്കെടുത്തിരുന്നുവെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത, ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പരിപാടിയുടെ സംഘാടകരിൽ ഒരാളായും മുഹമ്മദ് ഹുസൈൻ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് ഇയാൾ മുൻപ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റും പങ്കുവച്ചിരുന്നു


ഞായറാഴ്ച കാലിക്കടവിൽ വച്ച് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. പെരുമ്പാവൂരിൽ നിന്ന് സ്വിഫ്റ്റ് കാറിൽ എംഡിഎംഎയുമായി കാസർകോട്ടേക്ക് പോയ സംഘത്തെ ജില്ലാ അതിർത്തിയിൽ തടയുകയായിരുന്നു. തുടർന്ന് കാറും പ്രതികളെയും ചന്തേര പൊലീസിന് കൈമാറി. ചന്തേര എസ്.ഐ. മനു പി. ചെറിയാനും സംഘവും നടത്തിയ പരിശോധനയിൽ പ്രതികളുടെ കൈവശത്തുനിന്നും കാറിന്റെ ഡാഷ്ബോർഡിൽനിന്നുമായി നാല് പൊതികളിലായി സൂക്ഷിച്ച 139.29 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പെരുമ്പാവൂർ അറക്കപ്പടി സ്വദേശികളായ പി.എ. അബ്ദുൽ സലാം (27), കെ.എച്ച്. മുഹമ്മദ് ഹുസൈൻ (28), പി.എ. അബ്ബാസ് (50) എന്നിവരെയാണ് സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് എംഡിഎംഎ എറണാകുളത്ത് എത്തിച്ച് മൊത്തവിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കി.Law Enforcement


എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന പെരുമ്പാവൂർ അറക്കപ്പടി സ്വദേശി സൈനുൽ ആബിദിനെ (43) പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് ചന്തേര പൊലീസിന് കൈമാറി. ചന്തേര ഇൻസ്പെക്ടർ എം.വി. ഷീജു അറസ്റ്റ് രേഖപ്പെടുത്തി ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെയും റിമാൻഡ് ചെയ്തു. സൈനുൽ ആബിദിൻ ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയിലെ പ്രാദേശിക നേതാവിന്റെ സഹോദരനാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസിൽ ലഹരി ശൃംഖലയെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.

Previous Post Next Post