കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്്റ്റാൻഡിനു സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിൽ നിന്നും ആറു ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ നാലു പ്രതികൾ പിടിയിൽ. കാറിലുണ്ടായിരുന്ന പ്രതികളിൽ ഒരാൾ എക്‌സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപെട്ടു. മലപ്പുറം തിരൂർ സ്വദേശികളായ സുലൈമാൻ (44), നിസാർ വിളങ്ങിൽ (35) , മുഹമ്മദ് നിസാർ കെ. (34) , അമീറുദീൻ കാവുങ്കൽ (46) എന്നിവരെയാണ് കോട്ടയം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ.അഖിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എം.ഡി.എം.എ കടത്താൻ ഇവർ ഉപയോഗിച്ച് ഇന്നോവ വാഹനവും എക്‌സൈസ് സംഘം പിടികൂടി. കേസിലെ പ്രധാന പ്രതികളിൽ ഒരാളായ പത്തനംതിട്ട സ്വദേശി അതുൽ അശോകൻ സംഭവ സ്ഥലത്ത് നിന്നും ഓടിരക്ഷപെട്ടു.
ഇന്നലെ രാത്രി 12 മണിയോടെ കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ഭാഗത്തായിരുന്നു സംഭവം. വൺവേ തെറ്റിച്ച് എതിർദിശയിലേയ്ക്കു പാർക്ക് ചെയ്തിരുന്ന ഇന്നോവ കാർ കണ്ട് സംശയം തോന്നിയ എക്‌സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് കാറിന്റെ സീറ്റിന്റെ പിന്നിലെ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തിയത്. തുടർന്ന് നാലു പ്രതികളെയും എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.
കോട്ടയം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ.അഖിൽ , അസി.ഇൻസ്‌പെക്ടർ സുനിൽ പി.ജെ, ഗ്രേഡ് അസി.ഇൻസ്‌പെക്ടർമാരായ നിസാം ഐ, സന്തോഷ് കുമാർ ബി, ഗ്രേഡ് പ്രിവന്റീവ് ഓഫിസർ ബിജു വി.കെ, സിവിൽ എക്‌സൈസ് ഓഫിസർ പ്രവീൺകുമാർ എ.ജി, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ ടി.വീണ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.