കേരള’ ഇനി ‘കേരളം’… പേരുമാറ്റ ബിൽ പാസാക്കി ലോക്സഭ


സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ചർച്ചയില്ലാതെ നാല് മിനിറ്റിനുള്ളിൽ ബിൽ പാസാക്കിയത്. രാജ്യസഭ കൂടി ബിൽ പാസാക്കുകയും രാഷ്ട്രപതിയുടെ അന്തിമ അനുമതി ലഭിക്കുകയും ചെയ്താൽ നിയമഭേദഗതി പ്രാബല്യത്തിൽ വരും.

സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നത് മാറ്റി ‘കേരളം’ എന്നാക്കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഇരുസഭകളും പാസാക്കിയ ശേഷം ബിൽ രാഷ്ട്രപതിയുടെ അനുമതിക്കായി അയയ്ക്കും. രാഷ്ട്രപതി ഒപ്പുവച്ചാൽ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും. നടപടിക്രമങ്ങൾ പൂർത്തിയായാൽ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ ‘Government of Kerala’ എന്നതിന് പകരം ‘Government of Keralam’ എന്ന പേര് ഉപയോഗിക്കേണ്ടിവരും. അതേസമയം, ബില്ലിന്മേൽ പ്രതിപക്ഷ അംഗങ്ങൾ അഭിപ്രായം രേഖപ്പെടുത്താത്തതിൽ ദുഃഖമുണ്ടെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ ബില്ലിനെക്കുറിച്ച് നിലപാട് വ്യക്തമാക്കാത്തതിനെതിരെയായിരുന്നു മന്ത്രിയുടെ പരാമർശം.

പേരുമാറ്റം സർക്കാർ ഖജനാവിനും അധിക ബാധ്യതയുണ്ടാക്കും. സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫീസുകൾ വരെയുള്ള സർക്കാർ ഓഫീസുകളുടെ ബോർഡുകൾ, സീലുകൾ, ലെറ്റർപാഡുകൾ, ലോഗോകൾ എന്നിവ മാറ്റേണ്ടിവരും. സർട്ടിഫിക്കറ്റുകൾ, ഗസറ്റുകൾ, റേഷൻ കാർഡുകൾ ഉൾപ്പെടെ നിരവധി ഔദ്യോഗിക രേഖകളും പുതിയ പേരിൽ പുതുക്കേണ്ടിവരും. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സർക്കാർ വകുപ്പുകളുടെ ഡിജിറ്റൽ ഡാറ്റാബേസുകൾ, വെബ്സൈറ്റുകൾ, യുആർഎൽ എന്നിവയിലും മാറ്റം വരുത്തേണ്ടിവരുന്നത് പ്രായോഗിക വെല്ലുവിളിയാകും.



أحدث أقدم