കോട്ടയം : അനധികൃത മദ്യ വില്പനയെ തുടർന്ന് എക്സൈസ് അടച്ചുപൂട്ടിയ ബാർ വീണ്ടും വൈകിട്ട് തുറന്ന് ഉടമ. ബാർ തുറന്നു പ്രവർത്തിച്ചത് സംബന്ധിച്ച് നാട്ടുകാർ വീഡിയോ സഹിതം പരാതി നൽകിയതോടെ ബാറിൻ്റെ ലൈസൻസ് റദ്ദാക്കാൻ ഇടപെട്ട് മന്ത്രി എം ലിജു. ഇന്നലെയാണ് എക്സൈസ് കമ്മീഷണർ സ്ക്വാഡും എക്സൈസ് വിജിലൻസും ചേർന്ന് നടത്തിയ പരിശോധനയിൽ കോട്ടയം മണർകാട്ടെ രാജ് റീജന്റ് ബാറിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചത്. ഇവിടെ പുലർച്ചെ അഞ്ചുമണി മുതൽ അനധികൃതമായി മദ്യം വിൽപ്പന നടത്തുന്നതായി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ബാറിന്റെ ലൈസൻസ് റദ്ദാക്കാൻ നടപടിയെടുത്തത്. എന്നാൽ രാവിലെ 11 മണിയോടുകൂടി നടപടികൾ പൂർത്തിയാക്കി എക്സൈസ് സംഘം മടങ്ങിയ ശേഷം വൈകിട്ട് നാലുമണിയോടുകൂടി ബാർ വീണ്ടും തുറന്നു പ്രവർത്തിക്കുകയായിരുന്നു. ബാറിൽ നിന്നും മദ്യം വിൽക്കുന്ന തായുള്ള വിവരം ലഭിച്ചതോടുകൂടി നാട്ടുകാരിൽ ഒരാൾ ബാറിൽ എത്തി മദ്യം വാങ്ങുകയും വീഡിയോ പകർത്തി എക്സൈസ് മന്ത്രിക്ക് അയച്ചു നൽകുകയും ആയിരുന്നു. ഇതേ തുടർന്ന് എക്സൈസ് മന്ത്രി ഇടപെട്ട് ബാറിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നിർദ്ദേശം നൽകുകയായിരുന്നു. ബാർ തുറന്നു പ്രവർത്തിക്കാൻ ഇടയായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും, വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട് അതേ സമയം രാഷ്ടീയത്തിലെ ഉന്നത ബന്ധം മുതലാക്കി ബാർ വീണ്ടും തുറന്നത് നാടിനോടും നിയമത്തോടുമുള്ള വെല്ലുവിളിയാണെന്ന് നാട്ടുകാർ ആരോപിച്ചു