ഇടുക്കി: എഴുകുംവയലിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്. അച്ഛനെയും അമ്മയെയും ദൈവസന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞുവെന്നും അതുകൊണ്ടാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്നുമാണ് പ്രതി അജീഷ് പൊലീസിനോടും നാട്ടുകാരോടും പറഞ്ഞത്.

കൊലപാതകം നടക്കുന്ന സമയത്ത് കൊല്ലപ്പെട്ട ആന്റണിയുടെ മാതാവും വീട്ടിലുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രതി ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഈ ദൃശ്യങ്ങൾ ഇടവകയിലെ വൈദികന് കൈമാറിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അച്ഛൻ ആന്റണിയെയും അമ്മ വത്സമ്മയെയുമാണ് അജീഷ് കൊലപ്പെടുത്തിയത്. മൃതദേഹങ്ങൾ ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു കണ്ടെത്തിയത്. അജീഷ് ലഹരിക്ക് അടിമയാണെന്നാണ് നാട്ടുകാരുടെ പറയുന്നത്. ലഹരിയിലായെത്തിയ മകൻ വീട്ടിൽ ബഹളം ഉണ്ടാക്കുകയും മാതാപിതാക്കളെ ക്രൂരമായി മർദിക്കുകയും ചെയ്തതിന് പിന്നാലെയാണ് വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ഇരുവരെയും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.


പൊലീസ് സ്ഥലത്തെത്തിയപ്പോഴും പ്രതി അക്രമാസക്തനായിരുന്നുവെന്നാണ് വിവരം. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ലഹരിയുടെ സ്വാധീനത്തിലായതിനാൽ വിശദമായി ചോദ്യം ചെയ്യാൻ സമയമെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട ആന്റണിയുടെയും വത്സമ്മയുടെയും ഇൻക്വസ്റ്റ് നടപടികൾ പൊലീസ് ആരംഭിക്കും. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.