തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. മുഖ്യമന്ത്രി വി.ഡി. സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം ആലപിച്ചിട്ടും കേരളത്തിൽ പാടാത്തത് സതീശൻ സർക്കാർ ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും കീഴടങ്ങിയതിനാലാണെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം. പാർലമെന്റ് നിയമം പാസാക്കിയിട്ടും സംസ്ഥാന സർക്കാർ അത് ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം ആലപിക്കാത്തത് വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും സംസ്ഥാന സർക്കാരിന് ഗുരുതരമായ നിയമ-രാഷ്ട്രീയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ മുന്നറിയിപ്പ് നൽകി. വിഷയം ഉയർത്തി ബിജെപി സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമായി എബിവിപി ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും. അതേസമയം, എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ചടങ്ങിനിടെ വന്ദേമാതരം ആലപിച്ചതും അത് തടയാൻ മുതിർന്ന നേതാക്കൾ ശ്രമിച്ചതും കോമാളിത്തരമാണെന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.