പയ്യാവൂർ (കണ്ണൂർ) ∙ അഞ്ചുവർഷം മുൻപ് അതിഥിത്തൊഴിലാളിയായി കേരളത്തിലെത്തിയ ഒഡീഷ സ്വദേശി റിങ്കു ഉത്തൻ സിങ് കഴിഞ്ഞദിവസം എൻജിനീയറിങ് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയപ്പോൾ, ഒരു കുടുംബത്തിനു മുന്നിൽ തുറന്നത് സാധ്യതകളുടെയും സ്വാതന്ത്ര്യത്തിന്റെയും വാതിൽ. ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലെ പരേതനായ അലെജ് ഉത്തൻ സിങ് – പ്രാഞ്ചിസ്ക ദമ്പതികളുടെ മകനാണ് റിങ്കു. കൂലിപ്പണി ചെയ്താണ് മാതാപിതാക്കൾ കുടുംബം പുലർത്തിയത്.
2011 ൽ പിതാവിന്റെ മരണത്തോടെ ജീവിതം വഴിമുട്ടി. ഉയർന്ന മാർക്കോടെ പ്ലസ്ടു ജയിച്ച റിങ്കുവിന്റെ സ്വപ്നങ്ങൾക്കു ചിറകുതുന്നാൻ അമ്മയുടെ കഠിനാധ്വാനം മാത്രം മതിയാകുമായിരുന്നില്ല. ഉപരിപഠനം വഴിമുട്ടി. 2 ജ്യേഷ്ഠന്മാരും ഇതിനിടെ ഉപജീവനമാർഗം തേടി കണ്ണൂരിലെത്തിയിരുന്നു. അവർക്കൊപ്പം ചെങ്കൽക്വാറിയിൽ ജോലിചെയ്യാൻ പിന്നാലെ റിങ്കുവുമെത്തി. റിങ്കുവിന്റെ കഥയറിഞ്ഞ ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളജ് അധികൃതർ പ്രത്യേക സ്‌കോളർഷിപ്പോടെ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിൽ പ്രവേശനം നൽകി. നല്ല മാർക്കോടെ ജയം. മാത്രമല്ല, കോളജിലെ പ്ലേസ്മെന്റ് ഡ്രൈവിലൂടെ ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജോലിയും ലഭിച്ചു.
കഴിഞ്ഞദിവസം കോളജിൽ നടന്ന ചടങ്ങിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയിൽനിന്ന് റിങ്കു ബിരുദസർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നതു കാണാൻ അമ്മയും സഹോദരങ്ങളും എത്തിയിരുന്നു.