കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചിട്ടില്ലെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. മുൻ റെയ്ഡുകളിലും ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഏത് അന്വേഷണവും നടത്തട്ടെയെന്നും റിയാസ് പറഞ്ഞു. ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ലെന്നും ബിജെപിയുടെ അപകടകരമായ രാഷ്ട്രീയം എന്നും എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഇഡിയെ പേടിച്ച് ബിജെപിയിലെത്തിയ കോൺഗ്രസുകാരെപ്പോലെ താനാകില്ലെന്നും തല പോയാലും ബിജെപിക്കെതിരെ പോരാടുമെന്നും റിയാസ് പറഞ്ഞു.

ടി.വീണയുടെ ലേക്കർ എന്ന സ്ഥാപനം വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചതാണെന്നും സുഹൃത്തുക്കളുമായി വർഷങ്ങളായുള്ള ബന്ധമാണുള്ളതെന്നും റിയാസ് വിശദീകരിച്ചു. സുഹൃത്തുക്കൾ മാന്യമായി ബിസിനസ് നടത്തുന്നവരാണെന്നും നിയമപരമായാണ് ബിസിനസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പുകമറ സൃഷ്ടിച്ച് ബന്ധപ്പെട്ടവരെ സംശയത്തിന്റെ നിഴലിൽ നിർത്താനാണ് ശ്രമമെന്നും റിയാസ് ആരോപിച്ചു. എക്സാലോജിക് സേവനം നൽകിയാണ് അക്കൗണ്ട് വഴി പണം സ്വീകരിച്ചതെന്നും താൻ നൽകിയ നോമിനേഷൻ പേപ്പറിൽ ലേക്കർ എന്ന സ്ഥാപനത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതാവിന്റെ മകളും ഭാര്യയുമായതിന്റെ പേരിൽ ഒരാൾ ബിസിനസ് നടത്തരുതെന്ന് പറയുന്നത് ശരിയല്ലെന്നും റിയാസ് പറഞ്ഞു.

ഭർത്താവ് എന്ന നിലയിൽ വീണയോട് പറയാനുള്ളത് വെറുതെയിരിക്കാതെ ബിസിനസ് ചെയ്യണമെന്നാണ്. ഇഡി അന്വേഷണത്തെ രാഷ്ട്രീയമായി നേരിടാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്നും റിയാസ് വ്യക്തമാക്കി. അതേസമയം ലേക്കർ ഇന്ത്യ കമ്പനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ റിയാസ് വ്യക്തമായ മറുപടി നൽകിയില്ല. സ്ഥാപനം നിലവിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് സ്ഥാപനം തുടങ്ങാനും പൂട്ടാനും അത് തുടങ്ങിയവർക്ക് അവകാശമുണ്ടെന്നായിരുന്നു മറുപടി. സ്ഥാപനം ഇപ്പോൾ എവിടെയാണ് പ്രവർത്തിക്കുന്നതെന്ന ചോദ്യത്തിനും റിയാസ് മറുപടി നൽകിയില്ല.