ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. ഗുരുവിന്റെ ജന്മംകൊണ്ട് പവിത്രമായ വയല്‍വാരം വീട് സ്ഥിതിചെയ്യുന്ന ചെമ്പഴന്തി ഗുരുകുലത്തിലും മഹാസമാധി സ്ഥാനമായ ശിവഗിരിയിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ചെമ്പഴന്തി ഗുരുകുലത്തില്‍ വൈകിട്ട് 6.30ന് തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. വി.മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നല്‍കും. ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. ശശിതരൂര്‍ എം.പി, കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ എന്നിവര്‍ സംസാരിക്കും. രാവിലെ 10ന് ശ്രീനാരായണ ദാര്‍ശനിക സമ്മേളനം മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരസഭ മേയര്‍ വി.വി.രാജേഷ് അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദയും ശ്രീനാരായണഗുരു വിശ്വസംസ്‌കാരഭവന്‍ സെക്രട്ടറി സ്വാമി ശങ്കരാനന്ദയും പ്രഭാഷണം നടത്തും.