നിയന്ത്രണം വിട്ട് എത്തിയ കാർ ഇടിച്ച് തെറിപ്പിച്ചു: മലയാളിക്ക് സൗദിയിൽ ദാരുണാന്ത്യം...



അൽഖോബാർ: പ്രഭാത സവാരിക്കിറങ്ങിയ മലയാളി വാഹനമിടിച്ച് അൽഖോബാറിൽ മരിച്ചു. മലപ്പുറം കാളികാവ്, അടക്കാകുണ്ട് സ്വദേശി ചോലശ്ശേരി അബ്ദുൾ റഷീദ് (60) ആണ് മരിച്ചത്. രണ്ട് ദിവസം മുൻപ് താമസസ്‌ഥലത്തിനടുത്തുള്ള മാളിന്റെ സമീപമുള്ള പാർക്കിങ് ഏരിയയിലെ പതിവ് പോലെയുള്ള പ്രഭാത നടത്തത്തിനിടയിൽ നിയന്ത്രണം വിട്ട് എത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

ഗുരുതര പരുക്കുകളോടെ ദഹ്റാൻ, പ്രൊകെയർ ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. അത്യാസന്ന നിലയിൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുന്നതിനിടെയാണ് ബുധനാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. പൊലീസ് അന്വേഷണത്തിൽ അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്തി മേൽനടപടികൾ സ്വീകരിച്ചു.

ഏറെ വർഷങ്ങളായി ജിദ്ദയിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന അബ്ദു‌ൾ റഷീദ് അടുത്തിടെയാണ് ജോലി സൗകര്യാർഥം അൽ ഖോബാറിലെത്തി പുതിയ കമ്പനിയിൽ പ്രവേശിച്ചത്. മൂസ, ആയമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ മൈമൂന. മക്കൾ നിഷാന, നഷീദ. മരുമകൻ സിറാജുൽ മുനീർ. നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് കെഎംസിസി വെൽഫെയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ നേതൃത്വം നൽകുന്നു. കബറടക്കം പിന്നീട് നാട്ടിൽ.
أحدث أقدم