
സംസ്ഥാനത്തെ കള്ളുഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കി എക്‌സൈസ് വകുപ്പ്. ലൈസൻസ് ഇല്ലാതെ ഭക്ഷണം വിളമ്പുന്ന ഷാപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് കമ്മീഷണർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടും നടപടിയെടുക്കാതെ വീഴ്ച വരുത്തുന്ന എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെയും ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ഉത്തരവിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോട്ടയം, ആലപ്പുഴ, എറണാകുളം ഉൾപ്പെടെ വിവിധ ജില്ലകളിൽ കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ലൈസൻസുമായി ബന്ധപ്പെട്ടും നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ‘ഓപ്പറേഷൻ ശുദ്ധി’യുടെ ഭാഗമായി പരിശോധനയും നിയമനടപടികളും കൂടുതൽ കർശനമാക്കാൻ എക്‌സൈസ് വകുപ്പ് തീരുമാനിച്ചത്.വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കുമെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കള്ളുഷാപ്പുകൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും എക്‌സൈസ് വകുപ്പ് അറിയിച്ചു