ജാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ദേവേന്ദ്ര നാഥ് മഹ്‌തോയെ പൊലീസ് മർദിച്ചെന്ന് പരാതി. റാഞ്ചിയിലെ സാദർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്നെ പൊലീസ് പുറത്തുപോകാൻ അനുവദിച്ചില്ലെന്നും ബലമായി ആശുപത്രി മുറിയിലേക്ക് വലിച്ചിഴച്ചെന്നും മഹ്‌തോ ആരോപിച്ചു.

Law Enforcement

പൊലീസ് നടപടിയിൽ നെഞ്ചിന് പരുക്കേറ്റതായും ദേവേന്ദ്ര നാഥ് മഹ്‌തോ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയിൽനിന്ന് പുറത്തുപോകാൻ ശ്രമിക്കുന്ന മഹ്‌തോയും പൊലീസുകാരും തമ്മിൽ പിടിവലി നടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുടർന്ന് പൊലീസ് അദ്ദേഹത്തെ ബലമായി ആശുപത്രി മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം. ഓഗസ്റ്റ് രണ്ടിന് ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരത്തിന്റെ 14-ാം ദിവസത്തിലാണ് ദേവേന്ദ്ര നാഥ് മഹ്‌തോ. റാഞ്ചി നിയമസഭയിലേക്ക് നടത്തിയ ഘരാവോ മാർച്ചിന് പിന്നാലെയാണ് അദ്ദേഹത്തെ സാദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസ് സ്വീകരിച്ച നടപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പ്രതികരണങ്ങൾ പുറത്തുവരാനുണ്ട്.