തിരുവോണ രാത്രിയിൽ കാറിൽ യാത്ര ചെയ്ത ദമ്പതികളെ..



രാത്രി കാറിൽ യാത്ര ചെയ്തിരുന്ന ദമ്പതികളെ ആക്രമിക്കുകയും ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരെ മർദിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചുള്ളിമാനൂർ സ്വദേശി എസ് ഷമീർ (37), ആനാട് മെത്തോട് സ്വദേശി ആർ ഷംനാദ് (38) എന്നിവരാണ് അറസ്റ്റിലായത്. പനവൂർ സ്വദേശികളായ ഷാജഹാൻ, ഭാര്യ സബീന, ഇവരെ ആക്രമണത്തിൽ നിന്ന്‌ രക്ഷിക്കാൻ ശ്രമിച്ച കരിക്കുഴി മീന്നിലം സ്വദേശികളായ മുഹമ്മദ് നിഷാദ്, ഷബിൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. തിരുവോണ രാത്രിയിൽ ആനാട് പഞ്ചായത്തിലെ മൂഴിയിലാണ് സംഭവം.

പുത്തൻപാലം- പനവൂർ റോഡുവഴി കാറിൽ വീട്ടിലേക്കുപോയ ദമ്പതികളായ ഷാജഹാനും സബീനയും മൂഴിയിൽ എത്തിയപ്പോൾ ഷമീറും ഷംനാദും കാർ തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച ഭർത്താവ് ഷാജഹാനെ ആക്രമിച്ചു. അതിക്രമം നടക്കുമ്പോൾ ബൈക്കിൽ മൂഴിയിലേക്ക് വരികയായിരുന്ന നിഷാദും ഷബിനും ഇത്‌ ചോദ്യംചെയ്തതോടെ ഇവരെയും ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ റോഡരികിൽ കിടന്ന കല്ലുകളെടുത്ത് നാലുപേരെയും ആക്രമിക്കുകയായിരുന്നു. നിഷാദിൻറെ നെറ്റിയിലും ഷബിൻറെ പിൻകഴുത്തിലും ആഴത്തിൽ മുറിവേറ്റു. മർദനത്തിൽ ഷാജഹാനും സബീനയ്‌ക്കും പരിക്കേറ്റു. ദമ്പതികളുടെയും ബൈക്ക് യാത്രികരുടെയും പരാതിയെ തുടർന്ന് നെടുമങ്ങാട് പൊലീസ് കേസെടുത്തു. ഒളിവിൽപ്പോയ പ്രതികളെ ഇന്നലെ അറസ്റ്റ്‌ ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Previous Post Next Post