പെർമിറ്റില്ലാത്ത മണ്ണെടുപ്പിന് ഇനി കടുത്ത നടപടി.. പ്രത്യേക പരിശോധനാ സംഘം..


മലപ്പുറം: ജില്ലയിലെ അനധികൃത ചെങ്കൽ, കരിങ്കൽ ക്വാറികൾക്കും അനുമതിയില്ലാത്ത മണ്ണെടുപ്പിനുമെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കളക്ടറേറ്റിൽ ചേർന്ന ജിയോളജി, പഞ്ചായത്ത്, പൊലീസ്, റവന്യൂ, ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് നിർണായക തീരുമാനങ്ങളെടുത്തത്.

മലപ്പുറം–വേങ്ങര റോഡിലെ പാണക്കാട് സമീപം അടുത്തിടെ ഉണ്ടായ രൂക്ഷമായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം വിളിച്ചുചേർത്തത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറികൾ കണ്ടെത്തുന്നതിനും പെർമിറ്റില്ലാതെ കുന്നിടിച്ചും മണ്ണെടുത്തും നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ തടയുന്നതിനുമായി ജിയോളജി, പൊലീസ്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിക്കും. അനധികൃതമായി ക്വാറി ഉൽപ്പന്നങ്ങൾ കടത്തുന്നത് തടയാൻ പ്രധാന മേഖലകളിൽ പൊലീസ്, റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കാനും തീരുമാനമായി

ക്വാറി ഉൽപ്പന്നങ്ങളുമായി സഞ്ചരിക്കുന്ന ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും ഈ ചെക്ക്പോസ്റ്റുകളിൽ കർശന പരിശോധനയ്ക്ക് വിധേയമാക്കും. അപകടഭീഷണി ഉയർത്തുന്ന രീതിയിൽ സംസ്ഥാന, ദേശീയ പാതകളുടെ വശങ്ങളിലുള്ള കയ്യേറ്റങ്ങൾ കണ്ടെത്തി ഉടൻ ഒഴിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. മഴക്കാലത്ത് മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യത കുറയ്ക്കുന്നതിനായാണ് നടപടികൾ ശക്തമാക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

أحدث أقدم