തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പിടികൂടിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.ആരുമായി ബന്ധമുണ്ടെങ്കിലും തെറ്റ് ചെയ്താൽ നടപടിയുണ്ടാകും. പുട്ട വിമലാദിത്യയെ മാറ്റിയിട്ടില്ലെന്നും സ്വകാര്യ ആവശ്യങ്ങൾക്കായി അവധിയിൽ പോയതാണെന്നും ചെന്നിത്തല വ്യക്തമാക്കി. വിമലാദിത്യയും നിശാന്തിനിയും മിടുക്കരായ ഉദ്യോഗസ്ഥരാണ്. ഇവരെ ആർക്കും സ്വാധീനിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ഡിജിപിമാരും മുഖ്യമന്ത്രിമാരും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. അവരുടെ സഹായത്തോടെ മാത്രമേ കേസിലെ മുഖ്യകുറ്റവാളികളിലേക്ക് എത്താൻ കഴിയൂവെന്നും ചെന്നിത്തല വ്യക്തമാക്കി.പുട്ട വിമലാദിത്യ തിരിച്ചെത്തിയാൽ ഉടൻ ഉത്തരവാദിത്തം തിരികെ നൽകും. ഓണക്കാലത്ത് പരിശോധന കർശനമാക്കും. എസ്എച്ച്ഒ സംവിധാനം മാറ്റിയത് കൂട്ടായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.പൊലീസ് സ്റ്റേഷനുകളിൽ ഇനി ധൈര്യപൂർവം പരാതിയുമായി പോകാം. കുറ്റവാളികൾ മാത്രം പൊലീസിനെ പേടിച്ചാൽ മതിയെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.