മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കോടതിയിൽ ഹാജരായി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രതികൾ ഹാജരായത്. കഴിഞ്ഞ രണ്ട് തവണയും പ്രതികൾ ഹാജരായിരുന്നില്ല. പിന്നാലെ കടുത്ത നടപടി എടുക്കുമെന്ന് കോടതി കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണ് പ്രതികൾ നേരിട്ട് ഹാജരായത്.

വിചാരണ സമയത്ത് എന്ത് ചെയ്യുമെന്നായിരുന്നു പ്രതികളോട് കോടതി ചോദിച്ചിരുന്നത്. ഇതിന് ശേഷം പ്രതികൾ നേരിട്ട് തന്നെ ഹാജരാകണമെന്നും കോടതി നിർദ്ദേശിക്കുകയായിരുന്നു. അഭിഭാഷകൻ വഴി നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് 16 പ്രതികളും കോടതിയിൽ എത്തി. പുതുതായി ചുമത്തിയ കുറ്റമാണ് പ്രതികൾക്ക് വായിച്ചു കേൾപ്പിച്ചത്. എന്നാൽ പ്രതികൾ കുറ്റം നിഷേധിക്കുകയായിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കും. വിചാരണ പതിനേഴാം തീയതി ഷെഡ്യൂൾ ചെയ്യാനും തീരുമാനിച്ചു