ഓണസീസണിൽ കെഎസ്ആർടിസി ക്ക് മികച്ച നേട്ടം... ചതയദിനത്തിൽ വരുമാനം...




തിരുവനന്തപുരം: ഓണം സ്പെഷ്യൽ സർവീസുകളിൽ മികച്ച നേട്ടവുമായി കെ.എസ്.ആർ.ടി.സി. ചതയദിനമായ വെള്ളിയാഴ്ച കെ.എസ്.ആർ.ടി.സിയുടെ വരുമാനം എട്ടുകോടി രൂപയിലെത്തി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി. ഉത്രാടദിനത്തിൽ 21.45 ലക്ഷം പേരാണ് കെ.എസ്.ആർ.ടി.സി സർവീസുകളിൽ യാത്ര ചെയ്തത്. ഇതിൽ 9.34 ലക്ഷം വനിതകൾ പ്രിയദർശിനി ആനുകൂല്യം പ്രയോജനപ്പെടുത്തി. 7.88 കോടി രൂപയായിരുന്നു അന്നത്തെ വരുമാനം. 2.04 കോടി രൂപയുടെ പ്രിയദർശിനി സൗജന്യ ടിക്കറ്റുകളാണ് വിതരണം ചെയ്തത്.

കഴിഞ്ഞ ഉത്രാടദിനത്തിൽ 19.31 ലക്ഷം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി സർവീസുകളിൽ യാത്ര ചെയ്തത്. അന്ന് 7.57 കോടി രൂപയായിരുന്നു വരുമാനം. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഇത്തവണ വർധന രേഖപ്പെടുത്തി. തിരുവോണദിനത്തിൽ 2,597 ബസുകളാണ് സർവീസ് നടത്തിയത്. 12.95 ലക്ഷം യാത്രക്കാർ അന്ന് കെ.എസ്.ആർ.ടി.സി സർവീസുകൾ ഉപയോഗിച്ചു. അവിട്ടം ദിനമായ വ്യാഴാഴ്ച 3,490 ബസുകൾ സർവീസ് നടത്തി. 19.91 ലക്ഷം പേരാണ് അന്ന് യാത്ര ചെയ്തത്. മുൻവർഷം അവിട്ടം ദിനത്തിലെ യാത്രക്കാരുടെ എണ്ണം 17.81 ലക്ഷമായിരുന്നു. തിരക്ക് കൂടുതലുള്ള ദിവസങ്ങൾ മുൻകൂട്ടി വിലയിരുത്തി അധിക സർവീസുകൾ ക്രമീകരിച്ചതും യാത്രക്കാരുടെ സൗകര്യം മുൻനിർത്തി ഫലപ്രദമായ സർവീസ് പ്ലാനിങ് നടപ്പാക്കിയതുമാണ് നേട്ടത്തിന് പ്രധാന കാരണമെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.
أحدث أقدم