
തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം. വൈകിട്ട് നാല് മണിയോടെ തുടങ്ങിയ പുലിക്കളിയിൽ നഗരം പുലികൾ കീഴടക്കിയിരിക്കുകയാണ്. 9 സംഘങ്ങളിലായി 450 ഓളം പുലികളാണ് ഇത്തവണ പൂരനഗരിയെ ആവേശത്തിലാറാടിക്കുന്നത്. കുട്ടി പുലികളും പെൺപുലികളും പുലിമടകളിൽ നിന്നിറങ്ങി ആവേശം പകരുന്നുണ്ട്. ഓരോ സംഘത്തിലും 50 ലധികം പുലികളാണ് അണിനിരക്കുന്നത്. ഇവർക്കൊപ്പം നിശ്ചല ദൃശ്യങ്ങളും പുലിക്കളിക്ക് അഴകേകുകയാണ്. തൃശൂർ സ്വരാജ് റൗണ്ടിൽ തുടങ്ങിയ പുലിക്കളിയിൽ ശരീരത്തിൽ പുലിയുടെയും കടുവയുടെയും മാതൃകകൾ ചായം പൂശി, മണി കെട്ടിയ അരപ്പട്ടയും അണിഞ്ഞ് തകിലടിയുടെയും ചെണ്ടമേളത്തിന്റെയും താളത്തിനൊത്ത് പുലിവേഷധാരികൾ തുള്ളിയുറയുന്ന കാഴ്ച അത്രേമേൽ ആവേശമാണ് പകരുന്നത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് ജനങ്ങളാണ് ഈ മഹാമഹത്തിന് സാക്ഷ്യം വഹിക്കാനായി പൂരനഗരിയിൽ എത്തിയിരിക്കുന്നത്