വിദ്യാര്‍ഥിയുടെ മരണത്തില്‍ പ്രതിഷേധിച്ച്‌ കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജില്‍ നടന്ന സമരം പിന്‍വലിച്ചു. ചര്‍ച്ചകളില്‍ അനുകൂല തീരുമാനം ഉണ്ടായതോടെയാണ് സമരം പിന്‍വലിച്ചത്.


വിദ്യാര്‍ഥിയുടെ മരണത്തില്‍ പ്രതിഷേധിച്ച്‌ കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജില്‍ നടന്ന സമരം പിന്‍വലിച്ചു.ചര്‍ച്ചകളില്‍ അനുകൂല തീരുമാനം ഉണ്ടായതോടെയാണ് സമരം പിന്‍വലിച്ചത്.

ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിച്ച്‌ അന്വേഷണം നടത്താനമെന്നും വിദ്യാര്‍ഥികള്‍ ഉന്നയിച്ച 12 ആവശ്യങ്ങളിലും നടപടി എടുക്കാമെന്നും കോളജ് മാനേജ്‌മെന്‍റ് ഉറപ്പു നല്‍കി.

അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ എച്ച്‌ഒഡിയും കെടിയു കോര്‍ഡിനേറ്ററും കോളേജ് ക്യാമ്പസില്‍ നിന്നും മാറി നില്‍ക്കും. കോളജ് അധികൃതരും വിദ്യാര്‍ഥികളും ഭാഗമാകുന്ന ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിച്ച ശേഷം ജീവനൊടുക്കിയ വിദ്യാര്‍ഥിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കും.

മിച്ചി മര്‍പ്പുവിന്റെ മരണത്തില്‍ കോളജ് അധികൃതര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുക, ഉത്തരവാദികളായവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുക, കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക, തങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് വിദ്യാര്‍ഥികള്‍ ഇന്ന് രാവിലെ എട്ടു മുതല്‍ പ്രതിഷേധം ആരംഭിച്ചത്.രാവിലെ കോളജിലേക്ക് ആരും പ്രവേശിക്കാതെ ഗേറ്റ് അടച്ച്‌ വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രതിക്ഷേധിക്കുകയായിരുന്നു. കോളജിലേക്കുള്ള അധ്യാപകരുടെ വാഹനങ്ങള്‍ കവാടത്തില്‍ തടഞ്ഞു. കോളജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് വന്ന വാഹനം വിദ്യാര്‍ഥികള്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.

പോലീസിന്റെ സഹായത്തോടെ വാഹനമില്ലാതെയാണ് ഒടുവില്‍ സെക്രട്ടറിക്ക് അകത്ത് പ്രവേശിക്കാനായത്. തുടര്‍ന്ന് ഗേറ്റ് തള്ളിത്തുറന്ന് വിദ്യാര്‍ഥികള്‍ കോളജിന് അകത്തേക്ക് കടക്കുകയും പ്രിന്‍സിപ്പലിന്റെ റൂമിന് മുന്നിലിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കെഎസ്യു, എസ്‌എഫ്‌ഐ തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളും കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.കേരള സാങ്കേതിക സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന ക്രെഡിറ്റ് മാര്‍ക്ക് പരിധി 18 ആയിരിക്കെ, സ്വയംഭരണ സ്ഥാപനമായ എംഎ കോളജ് മാത്രം 22 ക്രെഡിറ്റ് മാനദണ്ഡം നിര്‍ബന്ധമാക്കിയതാണ് വിദ്യാര്‍ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹപാഠികള്‍ ആരോപിക്കുന്നു. ഇത് നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ ഇയര്‍ ബാക്ക് ആകുകയും പഠനവും ഹോസ്റ്റല്‍ സൗകര്യവും നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയായിരുന്നു.
Previous Post Next Post