ശബരിമലയിൽ അരവണ പ്രതിസന്ധി… പ്ലാന്റിലെ 12 വാർപ്പുകൾ…


തിരുവനന്തപുരം: ശബരിമലയിലെ അരവണ പ്രതിസന്ധി മറികടക്കാൻ അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തനസജ്ജമാക്കാൻ ദേവസ്വം ബോർഡ് ഊർജിതശ്രമം തുടങ്ങി. അരവണ തയ്യാറാക്കുന്ന 12 വാർപ്പുകളുടെയെങ്കിലും നിർമാണം വേഗത്തിലാക്കി ഒക്ടോബർ ഏഴിന് മുമ്പ് ഭാഗികമായി പ്രവർത്തനം ആരംഭിക്കാനാണ് ശ്രമം. 

നിലവിൽ പ്ലാന്റിൽ 26 വാർപ്പുകളാണുള്ളത്. വരുന്ന തുലാമാസ പൂജയിലും തുടർന്നുള്ള മണ്ഡലകാലത്തും അരവണ ക്ഷാമം ഉണ്ടാകാതിരിക്കാനാണ് നടപടി.

പ്ലാന്റ് പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചാൽ മാത്രമേ ആവശ്യമായ കരുതൽ ശേഖരം ഉറപ്പാക്കാനാകൂ. സീസണിൽ 70 ലക്ഷം അരവണ സ്റ്റോക്ക് ചെയ്യണമെന്നായിരുന്നു അവലോകന യോഗത്തിലെ തീരുമാനം. അതേസമയം, പ്ലാന്റ് പുനർനിർമാണത്തിലെ കാലതാമസം ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഒക്ടോബർ 13നകം നിർമാണ ജോലികൾ പൂർത്തിയാക്കുമെന്നായിരുന്നു നേരത്തെയുള്ള വിവരം. 

എന്നാൽ നിലവിലെ സാഹചര്യത്തിൽ സമയബന്ധിതമായി പൂർത്തിയാക്കാനാകുമോ എന്നതിൽ ആശങ്ക തുടരുകയാണ്. ദേവസ്വം ബോർഡിന്റെ വിശദീകരണമനുസരിച്ച് പ്ലാന്റിന്റെ ശേഷി കൂട്ടുന്ന പ്രവൃത്തികൾക്ക് ഏകദേശം ഒന്നര മാസം വേണ്ടിവരും. ശർക്കര സംഭരണത്തിലും വീഴ്ചകൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കരാർ വൈകിയതിനെ തുടർന്ന് ദേവസ്വം ബോർഡിന് നാല് കോടിയിലധികം രൂപയുടെ അധിക ചെലവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

മുൻവർഷങ്ങളിൽ മേയ് മാസത്തിൽ ആരംഭിച്ചിരുന്ന ശർക്കര കരാർ നടപടികൾ ഇത്തവണ ഓഗസ്റ്റ് വരെ നീണ്ടതായും റിപ്പോർട്ടുകളുണ്ട്. അരവണ പ്രതിസന്ധിയിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്ലാന്റ് നവീകരിക്കുന്നതിന് മുമ്പ് ആവശ്യമായ അരവണ ശേഖരിക്കേണ്ടിയിരുന്നുവെന്നാണ് മന്ത്രിയുടെ നിലപാട്. വിഷയം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Previous Post Next Post