
പാലക്കാട്: 15 കുപ്പി വിദേശ മദ്യവുമായി തീവണ്ടിയിലെ പാൻട്രി ജീവനക്കാരൻ ആർപിഎഫിന്റെ പിടിയിലായി. ദിബ്രുഗട്ടിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന വിവേക് എക്സ്പ്രസിലെ പാൻട്രി ജീവനക്കാരനും പശ്ചിമ ബംഗാൾ സ്വദേശിയുമായ അനുപം താലുക്ധാർ (32) ആണ് പിടിയിലായത്. ട്രെയിനിൽ നടത്തിയ പരിശോധനയ്ക്കിടെ ഇയാളുടെ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന 15 കുപ്പി വിദേശ മദ്യം കണ്ടെത്തുകയായിരുന്നു. ട്രെയിനിലെ യാത്രക്കാർക്ക് കൂടിയ വിലയ്ക്ക് വിൽക്കുന്നതിനായാണ് മദ്യം ഒളിപ്പിച്ച് കടത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി ആർപിഎഫ് അറിയിച്ചു. ആർപിഎഫിന്റെ ഓപ്പറേഷൻ സത്തർക്കിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. പാലക്കാട് ആർപിഎഫും ആർപിഎഫ് ക്രൈംബ്രാഞ്ചും ഉൾപ്പെട്ട സംയുക്ത സംഘമാണ് വിവേക് എക്സ്പ്രസിൽ പരിശോധന നടത്തിയത്.