ജലസംഭരണികളിൽ 25 ശതമാനം വെള്ളം കുറവ്; വൈദ്യുതോത്പാദനം താളം തെറ്റുന്നു





ചൂട് കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ബോർഡിന്റെ സംഭരണികളിലെ ജലനിരപ്പ് ഗണ്യമായി കുറയുന്നു. വെള്ളിയാഴ്ചത്തെ കണക്കുപ്രകാരം സംഭരണികളിലെല്ലാം കൂടി ശേഷിക്കുന്നത് 63 ശതമാനം മാത്രം വെള്ളം. 2025-ലേതിനെക്കാൾ 25 ശതമാനം കുറവാണിത്.

നിലവിലെ വെള്ളമുപയോഗിച്ച് 2610.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനേ കഴിയൂ. അതേസമയം സംസ്ഥാനത്തിൻ്റെ പ്രതിദിന ഉപഭോഗം 100 ദശലക്ഷം യൂണിറ്റിനോടടുക്കുകയാണ്.

പുറത്തുനിന്ന് കൂടിയ അളവിൽ വൈദ്യുതി എത്തിക്കുന്നതിലും പ്രതിസന്ധി നേരിടുന്നതിനാൽ ആഭ്യന്തര ഉത്പാദനം കൂട്ടുമെന്ന് വൈദ്യുതി ബോർഡ് പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ സംഭരണികളിലെ ജലനിരപ്പ് പെട്ടെന്നു കുറയും.

പ്രധാന പദ്ധതിപ്രദേശങ്ങളിലൊന്നും ദിവസങ്ങളായി മഴയില്ല. ഇടുക്കിയിലും ശബരിഗിരിയിലും വൈദ്യുതോത്പാദനം കൂട്ടിയിട്ടുമുണ്ട്.

മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2025-ലേതിനേക്കാൾ 13 അടിയിലേറെ താഴ്ന്നു. സംഭരണശേഷിയും ഗണ്യമായി കുറഞ്ഞു. വരുംമാസങ്ങളിലെ ജലലഭ്യതയിലും ആശങ്കയുണ്ട്. മഴ ഇനിയും കുറഞ്ഞാൽ ഇടുക്കിയിൽ ഉത്പാദനം പ്രതിസന്ധിയിലാകും. അതിന്റെ പ്രത്യാഘാതം കേരളം മുഴുവനും ഉണ്ടാകും. വെള്ളിയാഴ്‌ച രാവിലെ ഏഴുമണിയുടെ കണക്കനുസരിച്ച് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2368.46 അടിയാണ്. 2025-ൽ ഇതേദിവസം 2382.28 അടിയായിരുന്നു.



Previous Post Next Post