ജന്മദിനത്തിൽ മമ്മൂട്ടിക്കായി ആരാധകരുടെ വേറിട്ട സമ്മാനം… 40,000 പേരുടെ രക്തദാന ക്യാമ്പയിൻ


        

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പയിന് ലോകമെമ്പാടും മികച്ച പ്രതികരണം. 40,000 പേരുടെ രക്തദാനം ലക്ഷ്യമിട്ട് ആരംഭിച്ച ക്യാമ്പയിനിൽ ഇതിനോടകം തന്നെ പകുതിയിലധികം പേർ പങ്കാളികളായതായി സംഘാടകർ അറിയിച്ചു.

യൂറോപ്പിലെ വിവിധ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലടക്കം രക്തദാന ക്യാമ്പയിൻ സജീവമായി തുടരുകയാണ്. പ്രാദേശിക രക്തബാങ്കുകളുടെയും ആശുപത്രികളുടെയും സഹകരണത്തോടെ മലയാളി സംഘടനകളും ആരാധക കൂട്ടായ്മകളും വിവിധ കേന്ദ്രങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ദുബായ്, യു.എ.ഇ., ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും നിരവധി രക്തദാന പരിപാടികൾ ഇതിനോടകം നടന്നു. സെപ്റ്റംബർ 8 വരെയാണ് ക്യാമ്പയിൻ തുടരുക. കേരളത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ രക്തദാനത്തിനായി സ്ഥിരം സംവിധാനം ഒരുക്കിയിട്ടുണ്ട്. നിരവധി പേരാണ് ഇതിനോടകം ഇവിടെ രക്തദാനം നടത്തിയത്. ക്യാമ്പയിനെക്കുറിച്ച് അന്വേഷിക്കുന്നവരുടെയും സമ്മതപത്രം നൽകുന്നവരുടെയും എണ്ണം വർധിച്ചുവരുന്നതായി സംഘാടകർ അറിയിച്ചു. സാമൂഹിക, പൊതുരംഗങ്ങളിലെ നിരവധി പ്രമുഖരും ക്യാമ്പയിന്റെ ഭാഗമായി. രമേശ് പിഷാരടി എം.എൽ.എയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെത്തി രക്തദാനം നടത്തി.

എം.ജി.എം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 11 സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത 7,500 വിദ്യാർഥികളെ ക്യാമ്പയിന്റെ ഭാഗമാക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയായി. കേരളത്തിലെ വിവിധ സ്വകാര്യ മെഡിക്കൽ കോളേജുകളിലും രക്തബാങ്കുകളിലുമായാണ് വിദ്യാർഥികൾ രക്തദാനം നടത്തുക. യുവതലമുറയിൽ രക്തദാനത്തിന്റെ പ്രാധാന്യം വളർത്തിയെടുക്കുന്നതിനും ക്യാമ്പയിൻ വലിയൊരു സന്ദേശമാണ് നൽകുന്നത്. എം.ജി.എം ഗ്രൂപ്പുകളുടെ രക്തദാന ക്യാമ്പയിന്റെ ഉദ്ഘാടനം സെപ്റ്റംബർ 8ന് തിരുവനന്തപുരത്ത് നടക്കും. മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളെ വലിയൊരു സാമൂഹിക സേവന പ്രവർത്തനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് 40,000 പേരുടെ രക്തദാനം ലക്ഷ്യമിട്ടുള്ള ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

 
Previous Post Next Post