
രാജ്യത്തെ ലഹരിമരുന്ന് കടത്തും തടയാൻ പരിശോധന ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ എട്ട് റെയ്ഡുകളിൽ 12 പേരെ സുരക്ഷാസേന പിടികൂടി. ഇൻ്റർനാഷണൽ കൺട്രോൾ, ലോക്കൽ കൺട്രോൾ, ഇൻഫർമേഷൻ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ലഹരിമരുന്നുകൾക്ക് പുറമെ വ്യാജ മദ്യം, ആയുധം, പണം, ഡിജിറ്റൽ ട്രാസുകൾ എന്നിവയും പിടിച്ചെടുത്തു. റെയ്ഡുകളിൽ 2,565 ലിറിക്ക ഗുളികകൾ, 1,700 ഗ്രാം ഹാഷിഷ്, 850 ഗ്രാം ക്രിസ്റ്റൽ മെത്ത്, 100 ഗ്രാം ഹാഷിഷ് ഓയിൽ, 100 സൈക്കോട്രോപിക് ഗുളികകൾ, 6 ഗ്രാം ലിറിക്ക പൗഡർ എന്നിവ പിടിച്ചെടുത്തു.
ഇതിന് പുറമെ 150 മില്ലിലിറ്റർ കെമിക്കൽ ലിക്വിഡ്, ലഹരിമരുന്ന് ലായനിയിൽ മുക്കിയ 40 പാത്രങ്ങൾ, പ്രാദേശികമായി നിർമ്മിച്ച 83 കുപ്പി മദ്യം എന്നിവയും കണ്ടെത്തി. ഒരു തോക്കും വെടിയുണ്ടകളും ലഹരിമരുന്ന് അളക്കാൻ ഉപയോഗിച്ചിരുന്ന ആറ് കൃത്യതയുള്ള ഡിജിറ്റൽ ട്രാസ് പരിശോധനയിൽ പിടിച്ചെടുത്തു. ലഹരിമരുന്ന് ലഭ്യമായതായി കരുതുന്ന 5,790 കുവൈത്തി ദിനാറും കൈവശപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരും പിടിച്ചെടുത്ത ലഹരിവസ്തുക്കളും തെളിവുകളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ലഹരിമരുന്ന് കടത്തിനെതിരായ പരിശോധനകളും നടപടികളും ശക്തമായി തുടരുമെന്നും വ്യക്തമാക്കി