കൊച്ചി: തൃക്കാക്കര ഭാരത മാതാ കോളേജിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീലരീതിയിൽ പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടാംവർഷ ബി.ബി.എ. വിദ്യാർഥി വി.എസ്. ശ്രീഹരിക്ക് മറ്റ് കൂട്ടാളികളുണ്ടെന്ന സംശയമാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്.
സംഭവം പുറത്തറിഞ്ഞതോടെ കോളേജിലെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് കോളേജ് അധികൃതർ നടത്തിയ പരിശോധനയിലാണ് ശ്രീഹരിയുടെ ഫോണിൽ നിന്ന് മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയത്. ഇതിന് പിന്നാലെ ശ്രീഹരിയെ കോളേജിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. കോളേജിലെ വിവിധ പരിപാടികളുടെ ഔദ്യോഗിക ചിത്രീകരണ ചുമതല വഹിച്ചിരുന്ന വിദ്യാർഥിയായിരുന്നു ശ്രീഹരി. പരിപാടികൾക്കിടെ പകർത്തിയ ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീലരീതിയിലാക്കി ടെലഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചെന്നാണ് വിവരം. ഇതിലൂടെ ഇയാൾക്ക് പണവും ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. സൈബർ വിദഗ്ധരും സംഘത്തിലുണ്ട്.