പുറത്ത് 25 രൂപ, തിയറ്ററിൽ പോപ്കോണിന് 250…. അമിതവിലയിൽ സർക്കാരിന് പരിമിതിയെന്ന്….


സംസ്ഥാനത്തെ തിയറ്ററുകളിൽ പോപ്കോണും കുപ്പിവെള്ളവും ഉൾപ്പെടെയുള്ളവയ്ക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയിൽ സർക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നമാണിതെന്നും മന്ത്രി പറഞ്ഞു. നിലവിൽ പോപ്കോൺ പായ്ക്കറ്റിലാക്കാതെയാണ് പല തിയറ്ററുകളിലും വിൽക്കുന്നത്. പായ്ക്ക് ചെയ്താണ് വിൽക്കുന്നതെങ്കിൽ പായ്ക്കറ്റിലെ തൂക്കവും എംആർപിയും പരിശോധിക്കാൻ സാധിക്കും. നിലവിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അതിൽ രേഖപ്പെടുത്തിയ വിലയ്ക്കാണോ ഉൽപന്നങ്ങൾ വിൽക്കുന്നതെന്നും പരിശോധിക്കാനാണ് വകുപ്പിന് കഴിയുക. വിലവിവരപ്പട്ടികയിലെ വിലയിൽക്കൂടുതൽ ഈടാക്കിയാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പായ്ക്ക് ചെയ്ത ഉൽപന്നങ്ങളുടെ പായ്ക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന എംആർപി നിരക്കും അളവും പരിശോധിച്ച് അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. അതേസമയം, കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നത് അതീവഗൗരവമുള്ള വിഷയമാണെന്നും മന്ത്രി പറഞ്ഞു. പുറത്തുനിന്ന് വെള്ളം തിയറ്ററുകളിലേക്ക് കൊണ്ടുവരുന്നത് അനുവദിക്കാത്തത് ഉപഭോക്താക്കളുടെ അവകാശം ഹനിക്കുന്നതും മനുഷ്യാവകാശ ലംഘനവുമാണെന്നും അനൂപ് ജേക്കബ് പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളുള്ളവർ ഉൾപ്പെടെ ചിലർക്ക് വീട്ടിൽനിന്ന് വെള്ളം കൊണ്ടുവരേണ്ട സാഹചര്യമുണ്ടാകാം. അതിനാൽ വെള്ളം കൊണ്ടുവരുന്നത് തടയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷാഹാളുകളിലും വിമാനത്താവളങ്ങളിലും വരെ കുടിവെള്ളം അനുവദിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Previous Post Next Post