വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദർശിനി പദ്ധതി മൂലം പ്രതിസന്ധിയിലായ ബസ് മേഖലയെ സംരക്ഷിക്കുക, മിനിമം ബസ് ചാർജ് കൂട്ടുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്കുകൾ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.



 സമരത്തിന്റെ ആദ്യ ഘട്ടമായി ഒക്ടോബർ 14ന് ബസ് ഉടമകളും കുടുംബാംഗങ്ങളും ചേർന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. തുടർന്ന് ഒക്ടോബർ അവസാനത്തോടെ നിരാഹാര സമരവും സംഘടിപ്പിക്കാനാണ് തീരുമാനം. എന്നിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ മറ്റ് ബസ് സംഘടനകളുടെ കൂടി പിന്തുണയോടെ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതുമൂലം സ്വകാര്യ ബസ് മേഖലയ്ക്ക് വൻ നഷ്ടമാണ് നേരിട്ടിരിക്കുന്നതെന്നും സർക്കാർ അടിയന്തരമായി ഇടപെട്ട് നഷ്ടപരിഹാരവും യാത്രാനിരക്ക് വർധനവും നടപ്പിലാക്കണമെന്നുമാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം.