
കൊല്ലം: കൊല്ലം തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കാലാവധി അവസാനിക്കുന്ന മരുന്ന് വിതരണം ചെയ്തതായി പരാതി. രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് വാക്സിൻ നൽകിയതിന് പിന്നാലെ നൽകിയ സിറപ്പിനെതിരെയാണ് പരാതി. മരുന്നിന്റെ കാലാവധി ഇന്ന് അവസാനിക്കുന്നതായിരുന്നു. മരുന്നിന്റെ കാലാവധി കുഞ്ഞിന്റെ പിതാവ് ശ്രദ്ധയിൽപ്പെടുത്തിയതോടെ അധികൃതർ ഉടൻ മറ്റൊരു മരുന്ന് മാറ്റി നൽകി.
തുടർന്ന് വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ കാലാവധി ഇന്ന് അവസാനിക്കുന്ന മരുന്ന് കുഞ്ഞിന് നൽകിയത് വീഴ്ചയാണെന്ന് സി.എച്ച്.സി അധികൃതർ സമ്മതിച്ചു. സംഭവത്തിൽ മറ്റാർക്കും ഈ മരുന്ന് നൽകിയിട്ടില്ലെന്നാണ് ആരോഗ്യകേന്ദ്രത്തിന്റെ വിശദീകരണം. പരാതി ശ്രദ്ധയിൽപ്പെട്ട ഉടൻ മരുന്ന് മാറ്റി നൽകിയതായും ഹെൽത്ത് സൂപ്പർവൈസർ സുരേഷ് ബാബു അറിയിച്ചു. മരുന്ന് വിതരണം ചെയ്തതിൽ വീഴ്ച സംഭവിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് തലത്തിൽ പരിശോധനയുണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്