കോട്ടയം: ഇന്ധനവില വർധനവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും മൂലം ദുരിതത്തിലായ ഓട്ടോറിക്ഷ തൊഴിലാളികളെ സംരക്ഷിക്കാൻ നിലവിലെ ഓട്ടോ ചാർജ് അടിയന്തരമായി വർധിപ്പിക്കണമെന്ന് ഓട്ടോ സ്നേഹ കൂട്ടായ്മ (ASK) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഓട്ടോ ചാർജ് വർധിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഇതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോട് സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണം. അല്ലാത്തപക്ഷം ഈ മാസം 27-ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ശക്തമായ രണ്ടാംഘട്ട സമരപരിപാടികൾ പ്രഖ്യാപിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് സുശാന്ത് വടകരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സന്തോഷ് കോട്ടയം, കുഞ്ഞുമോൻ ആലുവ, ജോഷി കോട്ടയം, അനീഷ് തലയോലപ്പറമ്പ്, സന്തോഷ് മുണ്ടക്കയം തുടങ്ങിയവർ സംസാരിച്ചു