
കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തന ജയിൽ മോചിതയായി. ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് കോഴിക്കോട് വനിതാ ജയിലിൽ നിന്ന് കീർത്തന പുറത്തിറങ്ങിയത്. കേസിലെ അന്വേഷണം ഏതാണ്ട് പൂർത്തിയായതും പ്രതിക്കെതിരെ മുൻ ക്രിമിനൽ കേസുകളില്ലെന്നതും പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് കീർത്തനയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായിരുന്ന കീർത്തന മറ്റ് അധ്യാപികമാരെയും ലഹരി ഇടപാടിന്റെ ഭാഗമാക്കിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും എല്ലാ ശനിയാഴ്ചയും രാവിലെ 10നും 11നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളിൽ ഇടപെടാനോ പാടില്ലെന്നും വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും കോടതി നിർദേശിച്ചു
കേസിൽ ഇതുവരെ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കീർത്തനയ്ക്ക് പുറമെ അധ്യാപികമാരായ കാവ്യ, നീഷ്മ, ഓൺലൈൻ ഡെലിവറി ഏജന്റായ ജിജിൽ കുര്യാക്കോസ്, സഫ്വാൻ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയായ കാവ്യയ്ക്ക് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.