
ആർഎസ്എസ് പ്രവർത്തകനായിരുന്നു തിരുവനന്തപുരം മണ്ണന്തല സ്വദേശി രഞ്ജിത്തിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ അന്തിമവാദം പൂർത്തിയായി. കേസിൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി സെപ്റ്റംബർ 30ന് വിധി പറയും.
2008 ഒക്ടോബർ 17 ന് മണ്ണന്തല കോട്ടമുക്കിലുള്ള പച്ചക്കറിക്കടയിൽ വെച്ച് രഞ്ജിത്തിനെ രാഷ്ട്രീയ വൈരാഗ്യം നിമിത്തം സിപിഎം പ്രവർത്തകർ കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. സിപിഎം നേതാവായ ഹരിപ്രസാദിന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയുടെ ഫലമായി അമ്പലമുക്ക് കൃഷ്ണകുമാർ, വെള്ളി നാരായണൻ, ഗോപാലൻ സുരേഷ്, കണ്ണൻ സുരേഷ് എന്നിവരടങ്ങുന്ന സംഘം വാൾ, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങളുമായി മണ്ണന്തല കോട്ടമുകളിൽ എംസി റോഡിൻ്റെ അരികിൽ രജ്ഞിത്തിൻ്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വിനായക ഫ്രൂട്ട്സ് കടയിൽ വെളുപ്പിനെ 5. 50 മണിയോടുകൂടി അതിക്രമിച്ചു കടന്നു കയറി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തി എന്നും ഈ സമയം ഫിറോസ് ഖാൻ, വിഷ്ണു, ശങ്കർ, ഗോഡ്വിൻ ഡെന്നീസ് എന്നിവരുടെ സംഘം രണ്ടു കാറിലും ഒരു മോട്ടോർസൈക്കിളുമായി സ്ഥലത്ത് സന്നിഹിതരായിരുന്നു എന്നും കൃത്യത്തിൻ്റെ ഗൂഢാലോചനയിൽ ഹരിപ്രസാദിനോടൊപ്പം സംഘാങ്ങളായ മൊട്ട അജി, ചുക്രൻ രഞ്ജിത്ത്, കരാട്ടെ സുരേഷ് എന്നിവരും പങ്കാളിയായി എന്നും പല ദിവസങ്ങളിലായി ഹരിപ്രസാദിൻ്റെ വീട്ടിലും മറ്റുമായി നടന്ന ഗൂഡാലോചനയിലെ തീരുമാനപ്രകാരമാണ് രജ്ഞിത്തിൻ്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് എന്നുമാണ് പ്രോസിക്യൂഷൻ കേസ്.
ഒട്ടേറെ നാടകീയ സംഭവങ്ങൾക്ക് സാക്ഷിയായ കേസിൻ്റെ വിചാരണ വേളയിൽ പ്രതികളുടെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനങ്ങളുടെ ഫലമായി മൂന്നാർ സ്റ്റേഷനിലെ ഒരു പോലിസ് ഉദ്യോഗസ്ഥൻ അടക്കമുള്ള ഏതാനും സാക്ഷികൾ പ്രോസിക്യൂഷന് എതിരായി മൊഴി കൊടുത്തതിനെ തുടർന്ന് അവരെ കൂറുമാറിയതായി പ്രോസിക്യൂട്ടർ പ്രഖ്യാപിച്ചിരുന്നു.
കൂടാതെ സാക്ഷികളെ ശാരീരികമായി ഉപദ്രവിക്കുവാൻ ശ്രമം നടക്കുന്നു എന്ന് കണ്ടതിനെ തുടർന്ന് വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം അനുസരിച്ച് സാക്ഷികൾക്ക് സംരക്ഷണം നൽകിയാണ് കേസിന്റെ വിചാരണ പൂർത്തിയായത്. കേസിന്റെ അന്തിമവാദം പൂർത്തീകരിക്കുന്നതിനായി ഹൈക്കോടതി സമയക്രമം നിശ്ചയിച്ചിരുന്നതിനെ തുടർന്ന് കഴിഞ്ഞ13 ദിവസം തുടർച്ചയായി നടന്ന പ്രോസിക്യൂഷൻ വാദത്തിൽ പ്രതികൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ സംശയലേശമെന്യേ തെളിയിച്ചിട്ടുള്ളതായും പ്രതികൾക്ക് അതു കൊണ്ട് തന്നെ കടുത്ത ശിക്ഷ ലഭ്യമാക്കണമെന്നും കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ കോടതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ പ്രതികൾ ഈ കേസിൽ നിരപരാധികൾ ആണെന്നും രാഷ്ട്രീയ വിരോധം നിമിത്തം പ്രതിചേർക്കപ്പെടുകയായിരുന്നുവെന്നുമാണ് പ്രതികൾക്ക് വേണ്ടി ഹാജരായ ഏഴ് അഭിഭാഷകർ വാദിച്ചത്. ഇരുഭാഗത്തിന്റെയും വാദപ്രതിവാദങ്ങൾ പൂർത്തിയായതിനെത്തുടർന്നാണ് കേസ് സെപ്റ്റംബർ മുപ്പതാം തീയതി യിലേക്ക് വിധി പറയാനായി മാറ്റിയിട്ടുള്ളത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശില്പ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവരാണ് ഹാജരാകുന്നത്. പ്രോസിക്യൂഷൻ സംഘത്തെ സഹായിക്കാനായി അഭിഭാഷകരായ വൃന്ദ, ചിച്ചു ചന്ത്രൻ, ശിഖ എന്നിവരടങ്ങുന്ന സംഘവും കേസ് നടപടികളിൽ പങ്കാളികളായി പ്രവർത്തിക്കുന്നുണ്ട്.