വൈദ്യുതി ക്ഷാമത്തിൽ നട്ടംതിരിയുന്ന കേരളത്തിന് ഒടുവിൽ ആശ്വാസ വാർത്ത. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി ഹിമാചൽ പ്രദേശിൽനിന്ന് 250 മെഗാവാട്ട് അധിക വൈദ്യുതി ലഭിക്കും. നിലവിൽ തമിഴ്നാടിന് നൽകുന്ന വൈദ്യുതി വിഹിതത്തിൽ കുറവ് വരുത്തിയാണ് കേരളത്തിന് 250 മെഗാവാട്ട് നൽകാൻ ഹിമാചൽ പ്രദേശ് തീരുമാനിച്ചിരിക്കുന്നത്. ആലപ്പുഴ എംപിയും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവുമായി നടത്തിയ ചർച്ചകളുടെ തുടർന്നാണ് കേരളത്തിന് വൈദ്യുതി നൽകാൻ ധാരണയായത്.
കേരളം നേരിടുന്ന ഊർജ പ്രതിസന്ധിയും അധിക വൈദ്യുതിയുടെ ആവശ്യകതയും കെ.സി. വേണുഗോപാൽ ഹിമാചൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിന് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഹിമാചൽ സർക്കാർ തീരുമാനിച്ചത്.
വൈദ്യുതി കൈമാറ്റവുമായി ബന്ധപ്പെട്ട സാങ്കേതികവും ഭരണപരവുമായ കാര്യങ്ങൾ ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ തമ്മിലുള്ള ചർച്ചയിലൂടെ തീരുമാനിക്കും. വൈദ്യുതി കൈമാറ്റത്തിന്റെ രീതി, സമയക്രമം, ആവശ്യമായ മറ്റ് ഔപചാരിക നടപടികൾ എന്നിവ സംബന്ധിച്ച കാര്യങ്ങളും ഈ ചർച്ചയിൽ തീരുമാനിക്കും.
സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത ഉയരുന്നതിനിടെയാണ് ഹിമാചൽ പ്രദേശിൽനിന്നുള്ള അധിക വൈദ്യുതി കേരളത്തിന് ലഭിക്കുന്നത്. 250 മെഗാവാട്ട് അധിക വൈദ്യുതി അടിയന്തര ഘട്ടത്തിൽ ലഭ്യമാകുന്നത് നിലവിലെ പ്രതിസന്ധിക്ക് ഒരു പരിധിവരെ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ഇരു സംസ്ഥാനങ്ങളുടെയും നീക്കം.