വേമ്പനാട് കായലിൽ ഹൗസ്ബോട്ട് തീപിടിച്ച് കത്തിയമർന്ന സംഭവം; തീ പടർന്നത്‌ പാറ്റയെ...



ആലപ്പുഴ: വേമ്പനാട് കായലിൽ കന്നിട്ടജെട്ടിക്കു സമീപം പുരവഞ്ചി തീപിടിച്ച് കത്തിയമർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാറ്റയെ കൊല്ലാൻ കത്തിച്ചുവച്ച തിരിയിൽനിന്ന്‌ തീ പടർന്നെന്നാണ് പ്രാഥമികനിഗമനം. പൂർണമായും കത്തിനശിച്ച പുരവഞ്ചി കായലിൽ മുങ്ങിത്താഴുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടോടെ ചുങ്കം പള്ളാത്തുരുത്തി വട്ടപ്പറമ്പിൽ ക്ഷേത്രത്തിനു തെക്കുവശത്തായിട്ടായിരുന്നു അപകടം.

എ സി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, ജനറേറ്റർ, അടുക്കളയിലെ സാധനങ്ങളടക്കം പൂർണമായും കത്തിനശിച്ചു. ഇരുനിലകളിലായി മൂന്ന്‌ മുറിയുള്ള ശീതീകരിച്ച പുരവഞ്ചി‌യാണ് പൂർണമായും കത്തിയമർന്ന്‌ വെള്ളത്തിൽ മുങ്ങിയത്‌.

സഞ്ചാരികളെ ഇറക്കിയശേഷം ജനറേറ്ററിലും പുരവഞ്ചിയുടെ എൻജിനിലും ജീവനക്കാർ ഇന്ധനം നിറച്ചു. ബാക്കിയുള്ളവ അലസ്യമായി സൂക്ഷിച്ചതാണ്‌ അപകടം വർധിക്കാൻ കാരണമായത്‌. ആലപ്പുഴ സ്വദേശി റെജീഷിന്റെ പുരവഞ്ചി‌യാണ് കത്തിനശിച്ചത്. അഞ്ചുവർഷം മുമ്പാണ് നീറ്റിലിറക്കിയത്. നിലവിൽ മറ്റൊരാൾക്ക് വാടകയ്‌ക്ക് നൽകിയിരിക്കുകയായിരുന്നു. ഈമാസം ആദ്യം പള്ളാത്തുരുത്തിയിൽ നിർത്തിയിട്ട മൂന്ന് പുരവഞ്ചി കത്തിനശിച്ചിരുന്നു.

വേമ്പനാട്ടു കായലിൽ പുരവഞ്ചികൾക്ക്‌ തീപിടിക്കുന്നത്‌ വർധിച്ചുവരുന്ന സാഹചര്യത്തിൽ പുന്നമട ഫിനിഷിങ്‌ പോയിന്റിൽ അഗ്‌നിരക്ഷാസേന യൂണിറ്റ്‌ സ്ഥാപിക്കണമെന്ന്‌ കേരള ഹൗസ്‌ബോട്ട് ഓണേഴ്‌സ് സമിതി ആവശ്യപ്പെട്ടു. ജില്ലയിൽ 1500ലധികം പുരവഞ്ചികളുണ്ട്‌. അതിൽ നേരിട്ടും അല്ലാതെയുമായി പതിനായിരക്കണക്കിന് പേരാണ്‌ ജോലിയെടുക്കുന്നത്‌.

ചിലർ ഹൗസ്‌ബോട്ടിലാണ് താമസിക്കുന്നത്‌. സെപ്തംബറിൽ മാത്രം രണ്ട്‌ അപകടത്തിലായി നാല്‌ ഹൗസ്‌ബോട്ടുകൾ നശിച്ചു. കൂടുതൽ അപകടം ഒഴിവാക്കാൻ പുരവഞ്ചികൾ നിർത്തിയിടുന്ന സ്ഥലത്ത്‌ അഗ്‌നിരക്ഷാസേനയുടെ യൂണിറ്റ്‌ അനുവദിക്കണമെന്ന്‌ സംസ്ഥാന പ്രസിഡന്റ് എം അനസും സെക്രട്ടറി എം ലിജുവും ആവശ്യപ്പെട്ടു.

അതേസയം ബോട്ടിലെത്തിയ അഗ്നിരക്ഷാസേന സംഘം വെള്ളം പമ്പ് ചെയ്താണ് തീ നിയന്ത്രണവിധേയമാക്കിയത്. സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ പി പി പ്രശാന്ത്, മറ്റു ഉദ്യോഗസ്ഥരായ ജസ്റ്റിൻ ജേക്കബ്, ഡാനി ജോർജ്, എച്ച് പ്രശാന്ത്, പത്മകുമാർ, എച്ച് അൻസിൽ, എം മനോജ്, ശ്യാംകുമാർ, അരുൺരാജ്, വിപിൻ എസ് ദത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Previous Post Next Post