കൊച്ചി : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്.
കൊച്ചിയിലെ ജി.എസ്.ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ ഓഫിസിലും വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. കണക്കിൽപ്പെടാത്ത 14.10 ലക്ഷം രൂപയും 788 യുഎസ് ഡോളറും വിജിലൻസ് പിടിച്ചെടുത്തു.
രണ്ടേമുക്കാൽ കോടി രൂപയോളം അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന പ്രാഥമികാന്വേഷണ റിപ്പോർട്ടിനെ തുടർന്നായിരുന്നു വിജിലൻസ് പരിശോധന. തേവരയിലെ ജി.എസ്.ടി ജോയിന്റ് കമ്മീഷണർ ഓഫീസ്, പ്രജനിയുടെ പച്ചാളത്തെ വീടുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് രാത്രി ഒമ്പത് മണിക്കാണ് അവസാനിച്ചത്. 2014 മുതൽ 2024 വരെയുള്ള കാലയളവിൽ ജിഎസ്ടി വകുപ്പ് ജോയിന്റ് കമ്മീഷണർ പ്രജനി രാജൻ നിയമാനുസൃതവുമായ വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്ത ഏകദേശം 2.89 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
എറണാകുളം സ്പെഷ്യൽ സെൽ പൊലീസ് സൂപ്രണ്ട് എംജെ സോജന്റെ മേൽ നോട്ടത്തിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് യേശുദാസ് എഎൽന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പിടിച്ചെടുത്ത പണവും മറ്റ് രേഖകളും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.