
കായംകുളം: താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സ്റ്റാഫ് നഴ്സിന് പരിക്ക്. ഇന്നലെ രാത്രിയിലാണ് ആശുപത്രിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഘർഷത്തിനിടെ ആശുപത്രിയുടെ ഓപ്പറേഷൻ തിയേറ്ററിന്റെ ഗ്ലാസ് ഡോറും അടിച്ചുതകർത്തു.
പ്രദേശത്തെ കെ.ടി.ഡി.സി ബിയർ പാർലറിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് പരിക്കേറ്റ ഇരുവിഭാഗങ്ങളിലെയും ആളുകൾ ഒരേസമയം ചികിത്സയ്ക്കായി കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തുകയായിരുന്നു. തുടർന്ന് ഇവരെ പ്രാഥമിക ശുശ്രൂഷയ്ക്കായി മിനി ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. ഡോക്ടറും മറ്റ് ആശുപത്രി ജീവനക്കാരും ചേർന്ന് ഇരുവിഭാഗങ്ങളെയും പരിശോധിക്കുന്നതിനിടെ വീണ്ടും പ്രകോപനമുണ്ടാകുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ മുന്നിൽവെച്ച് ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടി.
സംഘർഷത്തിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സ് ഷൈനിക്ക് നേരെയും ആക്രമണമുണ്ടായത്. അക്രമി സംഘം ആശുപത്രിയിൽ അതിക്രമം അഴിച്ചുവിടുന്നതിനിടെ ഓപ്പറേഷൻ തിയേറ്ററിന്റെ ഗ്ലാസ് ഡോറും തകർത്തു. സംഭവത്തിൽ ആശുപത്രി ജീവനക്കാർക്കിടയിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ആശുപത്രിയിൽ അതിക്രമം നടത്തിയ സംഘത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഡ്യൂട്ടി സമയത്ത് ആരോഗ്യപ്രവർത്തകർക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. ആശുപത്രി പോലുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ അക്രമസംഭവങ്ങൾ ആവർത്തിക്കുന്നത് ആരോഗ്യപ്രവർത്തകരുടെ സുരക്ഷയെക്കുറിച്ചും ആശങ്ക ഉയർത്തുകയാണ്