
പ്രമുഖ മലയാള നാടകപ്രവർത്തകനും എഴുത്തുകാരനും സംവിധായകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകൻ കൂടിയാണ്. നാടകത്തിനും ലൈറ്റ്-ആൻഡ്-സൗണ്ട് അവതരണങ്ങൾക്കും നൽകിയ സംഭാവനകളിലൂടെ ശ്രദ്ധേയനാണ്. നടരാജ കൃഷ്ണമൂർത്തിയെന്നാണ് യഥാർത്ഥ പേര്. 1977ൽ സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആരംഭിച്ച ലോകപ്രശസ്തമായ ‘സൂര്യ ഫെസ്റ്റിവല്ലിൻ്റെ അമരക്കാരൻ എന്ന നിലയിലാണ് സൂര്യ കൃഷ്ണമൂർത്തി മലയാളികളുടെ കലാ സൂര്യനായി ലോകത്തിന് മുന്നിൽ ജ്വലിച്ചുയർന്നത്. എഞ്ചിനീയറിങ് ബിരുദധാരിയായിരുന്ന സൂര്യ കൃഷ്ണമൂർത്തി ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1972ൽ ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായി ജോലിക്ക് ചേർന്ന സൂര്യ കൃഷ്ണമൂർത്തി സാംസ്കാരിക പ്രവർത്തനങ്ങൾക്കായി സ്വമേധയ വിരമിക്കുകയായിരുന്നു. സീനിയർ സയന്റിസ്റ്റായാണ് വിരമിച്ചത്. മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ കീഴിൽ ഐഎസ്ആർഒയിൽ 27 വർഷം സൂര്യ കൃഷ്ണമൂർത്തി പ്രവർത്തിച്ചു.