കൊല്ലം : ശൂരനാട് കോയിക്കൽ ചന്തയിൽ ദോശ നൽകാൻ വൈകിയതുണ്ടായ തർക്കത്തെ തുടർന്ന് തട്ടുകട അടിച്ചുതകർക്കുകയും കടയുടമകളായ വയോധിക ദമ്പതികളെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേരെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ശൂരനാട് തെക്ക് ഇരവിച്ചിറ സ്വദേശികളായ അജി (46), രമേശൻ (44) എന്നിവരാണ് അറസ്റ്റിലായത്. തട്ടുകടയിലെത്തി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പ്രതികൾ വീണ്ടും ദോശ ആവശ്യപ്പെടുകയും, തിരക്ക് കാരണം ഓർഡർ വൈകിയപ്പോൾ കടയുടമകളായ മനാഫിനെയും ഭാര്യ സീനത്തിനെയും ആക്രമിക്കുകയുമായിരുന്നു. പ്രതികൾ കടയിലെ ഗ്ലാസ് അലമാരകളും ഉപകരണങ്ങളും അടിച്ചുതകർത്തതിനുപുറമേ, സ്ഥലത്തെത്തിയ പൊലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഒളിവിൽ പോയ പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു.